Gulf

ഒമാനിലെ സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സിക്കുന്ന പല ഡോക്ടര്‍മാര്‍ക്കും ലൈസന്‍സില്ലെന്ന് കണ്ടെത്തല്‍

Published

on

മസ്‌ക്കറ്റ്: ഒമാനിലെ സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകളില്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ ചിലര്‍ക്ക് ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലെന്ന് കണ്ടെത്തല്‍. സ്‌റ്റേറ്റ് ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് നേടിയിരിക്കേണ്ട പ്രൊഫഷനല്‍ ലൈസന്‍സുകള്‍ ഇല്ലാതെയാണ് പലരെയും സ്ഥാപനങ്ങള്‍ ജോലിക്ക് നിര്‍ത്തിയിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.

രാജ്യത്തെ ഒരു സ്വകാര്യ ആരോഗ്യ സ്ഥാപനത്തില്‍ മാത്രം ഇത്തരം 19 നിയമ ലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതിനു പുറമെ, സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനധികൃതമായി സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇങ്ങനെ സേവനം ചെയ്യാന്‍ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക ലൈസന്‍സ് വേണമെന്നാണ് നിയമം. ഇതുപ്രകാരം നിശ്ചിത ദിവസങ്ങളിലും സമയങ്ങളിലും മാത്രമേ സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദമുള്ളൂ.

സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യേണ്ട സമയങ്ങളില്‍ സ്വകാര്യ ആശുപത്രികളില്‍ സര്‍ജറി ഉള്‍പ്പെടെ ചെയ്ത മുപ്പതോളം കേസുകളാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കാതിരിക്കാന്‍ കാരണമാവുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇങ്ങനെ അനധികൃതമായി സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ഡോക്ടര്‍മാര്‍ക്കും അവരെ ജോലി ചെയ്യിച്ച സ്ഥാപനങ്ങള്‍ക്കും എതിരേ ശക്തമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സര്‍ജറിക്കും മറ്റുമായി ആശുത്രികളിലേക്ക് റഫര്‍ ചെയ്യപ്പെട്ട കേസുകളില്‍ ചികില്‍സ ലഭിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നതായും ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version