Sports

ഒടുവിൽ വിളി വന്നു! അൽ നസറിൽ മാത്രമല്ല, ക്രിസ്റ്റ്യാനോ ഈ ടീമിലും കളിക്കും; ഇത് മധുര പ്രതികാരം

Published

on

2024 യൂറോ കപ്പ് ( 2024 Euro ) യോഗ്യതാ റൗണ്ടില്‍ സ്ലോവാക്യ, ലക്‌സംബര്‍ഗ് ടീമുകള്‍ക്ക് എതിരായ പോര്‍ച്ചുഗല്‍ ( Portugal National Football ) ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം എട്ടിനാണ് സ്ലോവാക്യയ്ക്ക് എതിരായ പോര്‍ച്ചുഗലിന്റെ എവേ മത്സരം. സെപ്റ്റംബര്‍ 11ന് ലക്‌സംബര്‍ഗിനെതിരേ ഹോം മത്സരത്തിനും പോര്‍ച്ചുഗല്‍ ഇറങ്ങും.

2024 യൂറോ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ജെയിലാണ് പോര്‍ച്ചുഗല്‍. കളിച്ച നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. സ്ലോവാക്യ, ലക്‌സംബര്‍ഗ് ടീമുകള്‍ക്ക് എതിരായ യോഗ്യതാ റൗണ്ടിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഉള്‍പ്പെടുത്തിയാണ് റോബര്‍ട്ടോ മാര്‍ട്ടിനെസ് ടീം പ്രഖ്യാപനം നടത്തിയത്.

ഫിഫ 2022 ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീമിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇടം ലഭിച്ചിരുന്നില്ല. അന്ന് ഫെര്‍ണാണ്ടോ സാന്റോസ് ആയിരുന്നു പോര്‍ച്ചുഗലിന്റെ മുഖ്യ പരിശീലകന്‍. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഉള്‍പ്പെടുത്താതിരുന്നത് വന്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.

ലോകകപ്പിനു പിന്നാലെ ഫെര്‍ണാണ്ടോ സാന്റോസിനെ പുറത്താക്കിയാണ് റോബര്‍ട്ടോ മാര്‍ട്ടിനെസിനെ പോര്‍ച്ചുഗല്‍ ദേശീയ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകനാക്കിയത്.200 രാജ്യാന്തര മത്സരം കളിച്ച, യോഗ്യതാ റൗണ്ടില്‍ നാല് മത്സരങ്ങളില്‍ അഞ്ച് ഗോള്‍ നേടിയ റൊണാള്‍ഡോ ടീമില്‍ ഉള്ളത് ഏറ്റവും ആകര്‍ഷകമാണെന്നാണ് റോബര്‍ട്ടോ മാര്‍ട്ടിനെസ് അഭിപ്രായപ്പെട്ടത്. വൂള്‍വ്‌സ് ഫുള്‍ബാക്ക് ആയ ടോട്ടിയാണ് ടീമിലെ പുതുമുഖം.

യൂറോ 2024 ഗ്രൂപ്പില്‍ സ്ലോവാക്യയും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍ ഇറങ്ങുന്നത് ഇതാദ്യമാണ്. ലക്‌സംബര്‍ഗിനെ ആദ്യ റൗണ്ടില്‍ നേരിട്ടപ്പോള്‍ പോര്‍ച്ചുഗല്‍ 6 – 0 ന്റെ ജയം നേടിയിരുന്നു. അന്നത്തെ എവേ പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ സ്വന്തമാക്കി. 2023ല്‍ പോര്‍ച്ചുഗലിനായി നാല് മത്സരങ്ങളിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങിയത്. ഇറങ്ങിയ നാല് മത്സരത്തില്‍ നിന്ന് അഞ്ച് ഗോള്‍ ദേശീയ ജഴ്‌സിയില്‍ റൊണാള്‍ഡോ സ്വന്തമാക്കി.

ഫിഫ 2022 ലോകകപ്പിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ വിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറി. 2023 ജനുവരിയില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ് സി ( Al Nassr F C ) യില്‍ എത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2023 – 2024 സീസണില്‍ മിന്നും ഫോമിലാണ്. സീസണില്‍ 10 മത്സരങ്ങളില്‍ 11 ഗോളും മൂന്ന് അസിസ്റ്റും ഇതുവരെ അല്‍ നസര്‍ എഫ് സിക്കു വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തി.

38 -ാം വയസിലും മിന്നും ഫോമില്‍ തുടരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ശ്രദ്ധാ കേന്ദ്രം. രാജ്യാന്തര ഫുട്‌ബോളില്‍ 200 മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ ജഴ്‌സി അണിഞ്ഞ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 123 ഗോള്‍ സ്വന്തമാക്കി. ഫുട്‌ബോള്‍ ചരിത്രത്തില്‍ 200 രാജ്യാന്തര മത്സരം കളിക്കുന്ന ആദ്യ കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രാജ്യാന്തര ഗോള്‍ വേട്ടയില്‍ നേരത്തേ തന്നെ ലോക റിക്കാര്‍ഡ് സ്വന്തം പേരില്‍ കുറിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടുന്ന ഓരോ ഗോളും ചരിത്രത്തിലേക്കുള്ളതാണ്.

ഗ്രൂപ്പ് ജെയില്‍ ആറ് മത്സരങ്ങള്‍ കൂടി ടീമുകള്‍ക്ക് ശേഷിക്കുന്നുണ്ട്. നാല് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു സമനിലയുമായി രണ്ടാം സ്ഥാനത്താണ് സ്ലോവാക്യ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് 2024 യൂറോ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടുക. 2024 ജൂണ്‍ – ജൂലൈയില്‍ ജര്‍മനിയിലാണ് 17 -ാമത് യൂറോ കപ്പ് പോരാട്ടം അരങ്ങേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version