അബുദാബി: യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ പ്രവിശ്യയില്‍ മസ്തിഷ്‌കാഘാതം സംഭവിച്ച് മാസങ്ങളായി വെന്റിലേറ്ററില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാരനെ നാട്ടിലെത്തിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി മഹേഷ് ചന്ദിനെയാണ് സഹപ്രവര്‍ത്തകരുടെയും കാരുണ്യമതികളുടെയും സഹായത്തോടെ തുടര്‍ചികില്‍സയ്ക്ക് സ്വദേശത്തേക്ക് കൊണ്ടുപോയത്.
ഉമ്മുല്‍ ഖുവൈനിലെ ഒരു സ്വകാര്യ ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലി ചെയ്യവെയാണ് അപകടത്തില്‍ പെട്ടത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് നാലു മാസത്തോളം ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതിനെ തുടര്‍ന്നാണ് തുടര്‍ചികില്‍സയ്ക്ക് നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചത്.
ശരീരം പൂര്‍ണമായി തളര്‍ന്നുകിടക്കുന്നതിനാല്‍ സ്ട്രച്ചര്‍ സംവിധാനമുള്ള വിമാനത്തില്‍ സൗകര്യമൊരുക്കിയാല്‍ മാത്രം യാത്രചെയ്യാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു. മഹേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ഇതിനായി ശ്രമമാരംഭിച്ചു. യാത്രയ്ക്ക് സാമ്പത്തിക ചെലവ് കൂടുതലായതിനാല്‍ സഹപ്രവര്‍ത്തകരും കാരുണ്യമതികളും അകമഴിഞ്ഞ് സഹായിച്ചു. നാട്ടിലെത്തിച്ച മഹേഷിന് തുടര്‍ചികിസ ലഭ്യമാക്കാന്‍ കുടുംബം ശ്രമമാരംഭിച്ചിട്ടുണ്ട്.