അബുദാബി: യുഎഇ പൗരന്‍മാരായ 150 പേരെ ഹജ് തീര്‍ത്ഥാടനത്തിന്റെ പേരില്‍ കബളിപ്പിച്ച കേസില്‍ ഷാര്‍ജയിലെ ടൂര്‍ ഓപറേറ്ററായ ഇന്ത്യന്‍ പ്രവാസി അറസ്റ്റില്‍. ഹജ്ജിന് അവസരം ലഭിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് ആളുകളില്‍ നിന്ന് മുന്‍കൂറായി ദശലക്ഷക്കണക്കിന് ദിര്‍ഹം വാങ്ങി തിരിച്ചുനല്‍കാതെ കബളിപ്പിച്ചുവെന്നാണ് കേസ്.
ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈത്തുല്‍ അതീഖ് ട്രാവല്‍ ഏജന്‍സി ഉടമ ഷബിന്‍ റഷീദിനെ (44) ഈ മാസം ആദ്യം ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹജ്ജിന് പോകാമെന്ന് പ്രതീക്ഷിച്ച് പണമടച്ച് കാത്തിരുന്ന 150 ഓളം ഇമാറാത്തികള്‍ കബളിപ്പിക്കപ്പെട്ടതായി 2023 ജൂണിലാണ് വാര്‍ത്ത വരുന്നത്. മുഴുവന്‍ പണവും മുന്‍കൂര്‍ നല്‍കിയിരുന്നു.
ഹജ്ജ് വിസ വിതരണത്തില്‍ സൗദി അവസാന നിമിഷം വരുത്തിയ മാറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് ഷബിന്‍ റഷീദ് അവകാശപ്പെട്ടിരുന്നത്. ക്ഷമാപണം നടത്തിയ റഷീദ് ഹജ്ജിനായി ബുക്ക് ചെയ്ത ഹോട്ടലുകളുടെ പുനര്‍വില്‍പനയിലൂടെ പണം ലഭിക്കുമ്പോള്‍ തിരികെനല്‍കാമെന്നും വാഗ്ദാനം ചെയ്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാല്‍ ഏതാനും പേര്‍ പരാതി നല്‍കിയതോടെയാണ് അറസ്റ്റ്. മുന്‍ വര്‍ഷങ്ങളിലും സമാന രീതിയിലുള്ള സംഭവങ്ങളുണ്ടായെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതും പരാതിപ്പെടാന്‍ പ്രേരകമായി.
പ്രതിയെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് വാചകസന്ദേശത്തിലൂടെ അറിയിച്ചതായി പരാതിക്കാരിലൊരാള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 20,000 ദിര്‍ഹം നല്‍കിയ തനിക്ക് ഇതുവരെ 5,000 ദിര്‍ഹം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് ദുബായ് നിവാസിയായ സാക്വിബ് ഇമാം അറിയിച്ചു. ഷാര്‍ജയിലെ ഒരു വിധവ, തന്റെ കൗമാരക്കാരനായ മകനോടൊപ്പം തീര്‍ത്ഥാടനത്തിന് പോകാന്‍ 130,000 ദിര്‍ഹം നല്‍കിയിരുന്നു. പരാതി നല്‍കിയപ്പോള്‍ ഫണ്ടിന്റെ 13 ശതമാനം തിരികെ നല്‍കി.
നേരത്തെ, 20 വ്യക്തികള്‍ക്ക് പണം തിരികെ നല്‍കിയതായി റഷീദ് അവകാശപ്പെട്ടിരുന്നുവെങ്കിലും ഇവരുടെ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല. ഫസലുല്ല (50,400 ദിര്‍ഹം), കാമില്‍ താഹിര്‍ ഗനി (30,000 ദിര്‍ഹം), മുഹമ്മദ് അഷ്‌റം (ദിര്‍ഹം 25,000) എന്നിവര്‍ പണം നഷ്ടപ്പെട്ടവരില്‍ ചിലരാണ്. കൊവിഡ്-19 കാരണം വിദേശരാജ്യങ്ങളുടെ ഹജ്ജ് ക്വാട്ട 2020ലും 2021ലും സൗദി വെട്ടിക്കുറച്ചിരുന്നു. 2020ല്‍ പണം നല്‍കിയ പലരും ഇതുവരെ തിരികെ ലഭിച്ചില്ലെന്ന് പരാതിപ്പെട്ടു.
ബൈത്തുല്‍ അതീഖ് ട്രാവല്‍സ് ഹജ് തീര്‍ഥാടനത്തിനായി 150 യുഎഇ നിവാസികളില്‍ നിന്ന് ഏകദേശം 30 ലക്ഷം ദിര്‍ഹം സമാഹരിച്ചെന്നാണ് വിവരം. കഴിഞ്ഞ ഓഗസ്റ്റിലാണ് ചിലര്‍ പോലീസില്‍ പരാതിപ്പെടുന്നത്. അതീഖ് ട്രാവല്‍സ് തീര്‍ത്ഥാടകരെ കബളിപ്പിക്കുന്നത് ആദ്യ സംഭവമല്ലെന്ന് ഖലീജ് ടൈംസ് കണ്ടെത്തിയിരുന്നു. പണം തിരികെ നല്‍കാന്‍ ഇന്ത്യയിലെ തന്റെ സ്വത്ത് വില്‍ക്കുകയാണെന്നും സാമ്പത്തിക നഷ്ടം, മാനനഷ്ടം, വൈകാരിക നാശനഷ്ടങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി സൗദി കമ്പനിക്കെതിരെ നഷ്ടപരിഹാര കേസ് നല്‍കുന്ന കാര്യം ആലോചിക്കുകയാണെന്നും റഷീദ് മുമ്പ് വിശദീകരിച്ചിരുന്നു.