Gulf

കിരീടാവകാശിയെ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍; ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് പുതിയ അവകാശി

Published

on

കുവൈറ്റ്: രാജ്യത്തിന്റെ പുതിയ കിരീടാവകാശിയായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനെ നാമനിര്‍ദേശം ചെയ്തുകൊണ്ട് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ശനിയാഴ്ച അമീരി ഉത്തരവിറക്കി. കുവൈറ്റ് ഭരണഘടന പ്രകാരം, 1896 നും 1915 നും ഇടയില്‍ കുവൈറ്റ് ഭരിച്ച ശെയ്ഖ് മുബാറക് അല്‍ കബീറിന്റെ പിന്‍ഗാമികളില്‍ നിന്നുള്ളവരായിരിക്കണം അമീറും കിരീടാവകാശിയും.

കുവൈറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശെയ്ഖ് സബാഹ് അല്‍ ഖാലിദ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1998ല്‍ കുവൈറ്റ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തലവനായി അദ്ദേഹം നിയമിതനായി.

2011ല്‍, ശെയ്ഖ് സബാഹ് അല്‍-ഖാലിദ് വിദേശകാര്യ മന്ത്രിയായി നിയമിതനായി, 2019 വരെ ഈ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം, ശെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹിന്റെ പിന്‍ഗാമിയായി അദ്ദേഹം പ്രധാനമന്ത്രിയായി നിയമിതനായി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വാഗ്ദാനം അദ്ദേഹം നിരസിച്ചതിന്റെ പശ്ചാത്തലത്തില്‍ 2022ല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് അദ്ദേഹം പടിയിറങ്ങി. എന്നിരുന്നാലും മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ സുപ്രധാന യോഗങ്ങളില്‍ പങ്കെടുക്കുന്നത് അദ്ദേഹം തുടര്‍ന്നു.

കുവൈറ്റ് ഭരണഘടന പ്രകാരം, പുതിയ കിരീടാവകാശിയെ ദേശീയ അസംബ്ലി അംഗീകരിക്കണം. എന്നാല്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും ഭരണഘടനയുടെ ഭാഗങ്ങള്‍ അമീര്‍ നാല് വര്‍ഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തതിനാല്‍, പുതിയ കിരീടാവകാശിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല. എന്നിരുന്നാലും, ആവശ്യമായ ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഉത്തരവ് മന്ത്രിമാരുടെ സമിതിയെ അറിയിക്കാന്‍ പ്രധാനമന്ത്രി ശെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ല അല്‍ സബാഹിനോട് അമീരി ഉത്തരവ് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ദേശീയ അസംബ്ലിയും സര്‍ക്കാരും തമ്മില്‍ സംഘര്‍ഷം പതിവായ കുവൈറ്റില്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിനെ കഴിഞ്ഞ മാസം അമീര്‍ പിരിച്ചുവിട്ടിരുന്നു. കിരീടാവകാശിയെ തെരഞ്ഞെടുക്കുകയെന്ന അമീറിന്റെ അവകാശത്തില്‍ ചിലര്‍ കൈകടത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ടത്. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് അനുശാസിക്കുന്ന ഭരണഘടനയുടെ ബന്ധപ്പെട്ട വകുപ്പുകള്‍ അടുത്ത നാല് വര്‍ഷത്തേക്ക് അദ്ദേഹം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ശെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഇപ്പോള്‍ രാജ്യത്ത് ഭരണം നിയന്ത്രിക്കുന്നത്. ദേശീയ അസംബ്ലി പിരിച്ചുവിട്ട അമീറിന്റെ തീരുമാനത്തെ വിമര്‍ശിച്ച എംപിമാര്‍ അടക്കമുള്ളവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version