ദുബായ്: രൂപയുടെ ഇടിവ് തുടരുകയാണ്. ഇന്നലെ ധനവിനിമയ സ്ഥാപനങ്ങളിൽ ലഭിച്ചത് മികച്ച നിരക്കായിരുന്നു. ഒരു ദിർഹത്തിന് 22 രൂപ 57 പൈസയാണ് ലഭിച്ചത്. ഒരു ദിർഹത്തിന് 23 രൂപ എന്ന സ്വപ്നത്തിലേക്ക് പോകുന്നതും കാത്തിരിക്കുകയാണ് പ്രവാസികൾ. എന്നാൽ പ്രവാസികൾക്ക് ഇതിന്റെ നേട്ടം സ്വന്തമാക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ശമ്പളം കിട്ടാൻ ഇനിയും ദിവസങ്ങൾ ഉണ്ട്. വായ്പയെടുത്തും കടം വാങ്ങിയും ക്രെഡിറ്റ് കാർഡിൽനിന്ന് പണം പിൻവലിച്ചും പലരും പണം നാട്ടിലേക്ക് അയക്കുന്നുണ്ട്. ഈ മാസം അവസാനം വരെ ഈ രീതി തുടർന്നാൽ പ്രവാസികൾക്ക് അത് വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും. പണമൊഴുക്ക് 30% വരെ വർധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.
എണ്ണവില വർധന, ഡോളർ ശക്തിപ്രാപിക്കുന്നതും തുടരുന്നതിനാൽ രൂപ ഇനിയും തകരാൻ തന്നാണ് സാധ്യത. അൽപംകൂടി കാത്തിരുന്നാൽ മികച്ച നിരക്ക് ലഭിക്കുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. സൗദിയും റഷ്യയും എണ്ണ ഉൽപാദനം കുറച്ചതാണ് വിപണിയിൽ എണ്ണ വില വർധിക്കാൻ പ്രധാന കാരണം. വരും ദിവസങ്ങളിൽ ബാരലിന് 100 ഡോളർ വരെ കടക്കാൻ സാധ്യതയുണ്ട്.
വിപണി ഈ രീതിയിലാണ് പോകുന്നതെങ്കിൽ രൂപയുടെ വില ഇനിയും ഇടിയും. രാജ്യാന്തര വിപണിയിൽ ബാരലിന് ഒരു ഡോളർ കൂടിയാൽ തന്നെ അത് ഇന്ത്യയെ സാമ്പത്തികമായി വലിയ രീതിയിൽ ബാധിക്കും. എണ്ണ വാങ്ങാനായി 8300 കോടി രൂപ അധികമായി ഇന്ത്യ നൽകേണ്ടി വരും. ഡോളറിലാണ് ഇന്ത്യ ഇടപാട് നടത്തുന്നത്. യുഎഇയുമായി രൂപയിൽ ഇടപാട് നടത്തുന്നതിന് വേണ്ടി ഇന്ത്യ കരാർ ഉണ്ടക്കിയിട്ടുണ്ട്. 22 രാജ്യങ്ങളുമായി ഉഭയകക്ഷി വ്യാപാരം രൂപയിലാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കരാർ നിലവിൽ വരുകയാണെങ്കിൽ വലിയ സാമ്പത്തിക ബാധ്യത കുറയും. എന്നാൽ ഇതിന് വലിയ കാലതാമസം ഉണ്ടാകും എന്നാണ് റിപ്പോർട്ട്. രൂപയുടെ മൂല്യം തകരുമ്പോൾ ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പിൻവലിക്കുന്നതും തിരിച്ചടിയാണ്.