Gulf

സ്വദേശിവത്കരണം പൂര്‍ത്തിയാക്കാനുള്ള സാവകാശം അടുത്തമാസം വരെ; ഒരു സ്വദേശി കുറഞ്ഞാല്‍ 19 ലക്ഷം രൂപ പിഴ

Published

on

അബുദാബി: യുഎഇയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 2023ല്‍ നിശ്ചയിച്ച സ്വദേശിവത്കരണം അനുപാതം പൂര്‍ത്തിയാക്കാനുള്ള സാവകാശം അടുത്തമാസം അവസാനിക്കും.
50 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഡിസംബര്‍ 31നകം രണ്ട് ശതമാനം സ്വദേശികളെ നിയമിച്ച് പിഴശിക്ഷയില്‍ നിന്ന് ഒഴിവാകണമെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അഭ്യര്‍ഥിച്ചു.

ഒരു സ്വദേശി കുറഞ്ഞാല്‍ പ്രതിമാസം 7,000 ദിര്‍ഹമാണ് പിഴ. ഒരു വര്‍ഷത്തേക്ക് 84,000 ദിര്‍ഹം (19 ലക്ഷത്തിലധികം രൂപ) പിഴയായി നല്‍കേണ്ടി വരും. ഓരോ വര്‍ഷവും പ്പതിമാസ പിഴയില്‍ 1,000 ദിര്‍ഹം വീതം വര്‍ധനയുണ്ട്. 2024ല്‍ സ്വദേശിവത്കരണം പാലിച്ചില്ലെങ്കില്‍ വര്‍ഷം തീരുമ്പോള്‍ മുതല്‍ പ്രതിമാസം 8,000 ദിര്‍ഹം പിഴ വച്ച് വര്‍ഷത്തില്‍ 96,000 ദിര്‍ഹം ഒരു ഇമാറാത്തിയെ നിയമിക്കാത്തതിന് പിഴയെടുക്കേണ്ടിവരും. ഒന്നലധികം സ്വദേശി ജീവനക്കാരുടെ കുറവുണ്ടായാല്‍ അതിന് ആനുപാതികമായി പിഴ സംഖ്യയും വര്‍ധിക്കും.

അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ 2023ല്‍ രണ് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലുമാണ് പൂര്‍ത്തീകരിക്കേണ്ടത്. ആദ്യ ആറു മാസത്തെ ടാഗറ്റ് പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു. രണ്ടാമത്തെ ടാര്‍ഗറ്റിനുള്ള സമയപരിധിയാണ് അടുത്തമാസം അവസാനിക്കുന്നത്.

ആവശ്യത്തിന് സ്വദേശി ജോലിക്കാരെ കിട്ടാത്ത കമ്പനികള്‍ക്ക് നാഫിസ് പ്ലാറ്റ്‌ഫോമിന്റെ സഹായം തേടാമെന്ന് മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ 18,000 കമ്പനികള്‍ സ്വദേശിവത്കരണം പൂര്‍ത്തിയാക്കി. ഇതോടെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 84,000 ആയി വര്‍ധിച്ചു. ഇതില്‍ 54,000 പേരും രണ്ടു വര്‍ഷത്തിനിടെ ജോലിയില്‍ പ്രവേശിച്ചവരാണ്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധനയും ശക്തമാക്കി. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

2024ല്‍ 20 ജീവനക്കാരുള്ള സ്ഥാപനങ്ങളും സ്വദേശിവത്കരണത്തിന്റെ പരിധിയില്‍ വരും. തെരഞ്ഞെടുക്കപ്പെട്ട 14 വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കമ്പനികളെയും സ്ഥാപനങ്ങളെയുമാണ് പരിധിയില്‍ പെടുത്തിയത്. കമ്പനികള്‍ 2026 വരെ എല്ലാ വര്‍ഷവും രണ്ടു ശതമാനം ഇമാറാത്തികളെ ജോലിക്ക് നിയോഗിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ, കമ്പനികള്‍ക്ക് രണ്ട് ശതമാനം തസ്തികകളില്‍ യുഎഇ പൗരന്മാരെ കയറ്റേണ്ടി വന്നു. ഈ വര്‍ഷം വാര്‍ഷിക ലക്ഷ്യം രണ്ടായി വിഭജിക്കുകയായിരുന്നു. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഒരു ശതമാനവും രണ്ടാമത്തേതില്‍ ഒരു ശതമാനവും ആയി നിശ്ചയിച്ചു.

ഒരു സ്വദേശിയുടെ കുറവിന് കഴിഞ്ഞ വര്‍ഷം 6,000 ദിര്‍ഹമായിരുന്നു പിഴ. ഈ വര്‍ഷം 7,000 ദിര്‍ഹമാണ്. ഈ വര്‍ഷം ജൂലൈ 8ന് അര്‍ധ വാര്‍ഷിക എമിറേറ്റൈസേഷന്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഒരു സ്വദേശിയുടെ കുറവിന് 42,000 ദിര്‍ഹം പിഴ ചുമത്തി. അതായത് 7,000 ദിര്‍ഹം വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസങ്ങള്‍ കൊണ്ട് ഗുണിക്കുന്നു.
2023ന്റെ രണ്ടാം പകുതിയില്‍ ഒരു ശതമാനം സ്വദേശികളെ ചേര്‍ക്കുന്നതില്‍ പരാജയപ്പെടുന്ന കമ്പനികള്‍ക്കും ആറു മാസത്തേക്ക് 42,000 ദിര്‍ഹം അധിക പിഴ ചുമത്തും.

2022ലെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ട സ്വകാര്യ കമ്പനികള്‍ക്കെതിരെ മന്ത്രാലയം 40 കോടി ദിര്‍ഹം പിഴ ചുമത്തി.

20 മുതല്‍ 49 വരെ ജീവനക്കാരുള്ള പ്രധാനപ്പെട്ട 14 മേഖലകളിലെ സ്ഥാപനങ്ങളാണ് അടുത്ത വര്‍ഷം എമിറേറ്റൈസേഷന്‍ പരിധിയില്‍ വരുന്നത്. ഈ നിബന്ധന ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് 2025 ജനുവരിയില്‍ 96,000 ദിര്‍ഹം പിഴ ചുമത്തുക. 2025ലെ നിബന്ധന പാലിക്കാത്തവരില്‍ നിന്ന് 2026 ജനുവരിയില്‍ ആളൊന്നിന് 108,000 ദിര്‍ഹം പിഴ ഈടാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version