Gulf

എംബിഎസിനെ നേരില്‍ കണ്ട് അഭിവാദ്യം ചെയ്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Published

on

റിയാദ്: ലോക ഫുട്‌ബോളിലെ മിന്നുംതാരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ അഭിവാദ്യം ചെയ്തു. റിയാദില്‍ നടന്ന ആഗോള കായിക സമ്മേളനത്തിനിടെയാണ് സൗദി ക്ലബ്ബ് അല്‍ നസ്‌റിന് വേണ്ടി കളിക്കുന്ന പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഐക്കണ്‍ കിരീടാവകാശിയെ നേരില്‍കണ്ടത്.

അടുത്ത വര്‍ഷം സൗദി അറേബ്യയില്‍ ലോകത്ത് ആദ്യമായി ഇ-സ്‌പോര്‍ട്‌സ് ലോകകപ്പ് നടക്കുകയാണ്. 2034ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വേദി ലഭിക്കുന്നതിന് സൗദി അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി വീണ്ടും കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ടെന്ന് ക്രിസ്റ്റിയാനോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിപ്പിട്ടു. 2024ല്‍ സൗദിയില്‍ നടക്കുന്ന ആദ്യത്തെ ഇ-സ്‌പോര്‍ട്‌സ് ലോകകപ്പിന്റെ സമാരംഭത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന പാനലിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

സൗദി അറേബ്യയെ ഇലക്‌ട്രോണിക് ഗെയിമുകളുടെ പ്രധാന ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ചുവടുവയ്പ്പാണ് ഇ-സ്‌പോര്‍ട്‌സ് ലോകകപ്പെന്ന് കിരീടാവകാശി വ്യക്തമാക്കിയിരുന്നു. സൗദി വിഷന്‍ 2030 വികസന പദ്ധതിക്ക് കീഴില്‍ വിനോദ വ്യവസായത്തെയും കായിക രംഗത്തെയും പരിപോഷിപ്പിക്കാന്‍ രാജ്യം ശക്തമായ നീക്കങ്ങള്‍ നടത്തിവരികയാണ്. എണ്ണയെ മുഖ്യ വരുമാനമായി ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണിത്.

ലോകത്ത് ആദ്യമായി സൗദി അറേബ്യയില്‍ അരങ്ങേറ്റം കുറിക്കുന്ന ഇസ്‌പോര്‍ട്‌സ് ലോകകപ്പ് ഒരു വര്‍ഷം കൂടുമ്പോള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ബ്രസീലിയന്‍ താരം നെയ്മറും ഉള്‍പ്പെടെയുള്ള പ്രമുഖ വിദേശ ഫുട്‌ബോള്‍ താരങ്ങളെ സൗദിയിലെ നിരവധി ക്ലബ്ബുകളില്‍ ചേര്‍ന്നതിന് പിന്നാലെ സൗദി ഫുട്‌ബോള്‍ അടുത്തിടെ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിലാണ് ക്രിസ്റ്റ്യാനോ വന്‍തുക കൈപ്പറ്റി റിയാദ് ആസ്ഥാനമായുള്ള അല്‍ നസ്‌റില്‍ രണ്ടര വര്‍ഷത്തെ കരാറൊപ്പിട്ടത്. ഈ മാസം അവസാനം നടക്കുന്ന റിയാദ് ഫെസ്റ്റില്‍ ക്രിസ്റ്റ്യാനോയുടെ കരിയറും നേട്ടങ്ങളും രേഖപ്പെടുത്തുന്ന മ്യൂസിയം തുറക്കുന്നുണ്ട്. 38 കാരനായ സൂപ്പര്‍താരം നേടിയ എല്ലാ സമ്മാനങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും. താരത്തിന്റെ സംഭവബഹുലമായ കരിയറിനുള്ള ആദരമാണിത്. മൊബൈല്‍ മ്യൂസിയം ക്രിസ്റ്റ്യാനോ ഉദ്ഘാടനം ചെയ്യുമെന്ന് റിയാദ് ഫെസ്റ്റിവല്‍ സംഘാടകര്‍ നേരത്തേ സൂചിപ്പിച്ചിരുന്നു. ഒക്ടോബര്‍ 28ന് റിയാദ് സീസണ്‍ ആരംഭിക്കുന്ന ദിവസം തന്നെ മ്യൂസിയം തുറക്കാനാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്. റൊണാള്‍ഡോയുടെ അനുഭവങ്ങളും ജീവിതകഥകളും ട്രോഫികളും വ്യക്തിഗത സ്മരണികകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version