നിശ്ചിത സമയത്തില്‍ ഗോളുകളൊന്നും തന്നെ പിറന്നില്ലെങ്കിലും വെംബ്ലിയില്‍ ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. മത്സരത്തിലുടനീളം എന്‍ഡ് ടു എന്‍ഡ് ഫുട്‌ബോളാണ് ഇരുഭാഗത്തുനിന്നും കാണാനായത്. ഇരുടീമുകളും പലപ്പോഴും ഗോളിനടുത്ത് എത്തിയെങ്കിലും ഗോള്‍കീപ്പര്‍മാരുടെ മികച്ച ഫോമില്‍ സ്‌കോര്‍ ബോര്‍ഡ് അനങ്ങിയില്ല.
ആദ്യ പകുതിയില്‍ സ്റ്റെര്‍ലിങ്ങിന്റെ ഒരു ഗോളും രണ്ടാം പകുതിയില്‍ വാന്‍ ഡൈക് നേടിയ ഒരു ഗോളും നിഷേധിക്കപ്പെട്ടു. ഇതില്‍ വാന്‍ ഡൈക് നേടിയ ഗോള്‍ ഓഫ്‌സൈഡ് വിധിക്കപ്പെട്ടത് ടീമിനെയും ആരാധകരെയും ഞെട്ടിച്ചു. രണ്ടാം പകുതിയില്‍ ചെല്‍സി താരം കോണര്‍ ഗാലഗറിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു.
നിശ്ചിത സമയവും പിന്നിട്ട് എക്‌സ്ട്രാ ടൈമില്‍ എത്തിയിട്ടും ഗോള്‍ പിറന്നില്ല. ഒടുവില്‍ ഷൂട്ടൗട്ടിലേക്കെന്ന് തോന്നിപ്പിച്ച സമയത്ത് 118-ാം മിനിറ്റില്‍ ചെല്‍സിയുടെ വല കുലുങ്ങി. കോര്‍ണര്‍ കിക്കില്‍ നിന്ന് കിടിലന്‍ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ച് വാന്‍ ഡൈക്കാണ് റെഡ്‌സിന് വിജയവും കിരീടവും സമ്മാനിച്ചത്.