യുഎഇ: യുഎഇയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് ലഭിച്ചത്. ഫുജൈറ, ഖോർഫക്കാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ മഴ ലഭിച്ചത്. എന്നാൽ ദുബായ്, ഷാർജ അടക്കമുള്ള സ്ഥലങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. ഇന്ന് വടക്കൻ, കിഴക്കൻ, തീരപ്രദേശങ്ങൾ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
റാസ് അൽ ഖൈമ, ഉമ്മ് അൽ ഖുവൈൻ, അജ്മാൻ, അൽഐൻ, അബുദാബിയുട ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മഴ പ്രതീക്ഷിക്കുന്നത്. ദുബായിലെ ജുമൈറയിലും മഴ പെയ്യാൻ സാധ്യതയുണ്ട്.
യുഎഇയിൽ ഇന്ന് പൊതുവെ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും. ശക്തമല്ലാത്ത മഴയ്ക്കും താപനിലയിൽ കാര്യമായ കുറവിനും സാധ്യതയുണ്ട്. ഇന്ന് രാത്രിവരെ ഇങ്ങനെയുള്ള കാലാവസ്ഥ തന്നെ പ്രതീക്ഷിക്കാം. ചിലപ്പോൾ മൂടൽമഞ്ഞ്, പൊടിമൂടിയ അന്തരീക്ഷം എന്നിവയ്ക്കും സാധ്യതയുണ്ട്. ഡ്രെെവർമാർ ജാഗ്രത പാലിക്കണം.
കാറ്റിന്റെ വേഗത സാധാരണഗതിയിൽ നിന്നും കുറഞ്ഞോ കൂടിയും ഇരിക്കും. ചിലപ്പോൾ ശക്തമായ കാറ്റ് ഉണ്ടായിരിക്കും. അന്തരീക്ഷം പൊടികൊണ്ട് നിറയാൻ സാധ്യതയുണ്ട്. അറേബ്യൻ കടലും ഒമാൻ കടലും പ്രക്ഷുബ്ധമാകും. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്ത് മഴയെത്തുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
വാഹനയാത്രക്കാർ ജാഗ്രത പാലിക്കണം, വാഹനമോടിക്കുന്നവർ വേഗതപരിതി കർശനമായി പാലിക്കണം. മറ്റു വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കണം. പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കണം. റോഡിൽ ദൂരപരിതി കുറഞ്ഞാൽ ഉടൻ വാഹനം മാറ്റി പാർക്ക് ചെയ്യണം. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പോലെ തന്നെ ഞായറാഴ്ച വൈകുന്നേരം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ പെയ്തു. ഫുജൈറ, റാസ് അൽ ഖൈമ, അബുദാബി എന്നിവിടങ്ങളിൽ മഴ പെയ്തു.
മഴയ്ക്കും കാറ്റിനും സാധ്യതയുള്ള സമയങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം. ജനങ്ങളുടെ സുരക്ഷക്കായി മുൻഗണന നൽകുന്നതിനാൽ ആവശ്യമായി നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്ന് അബുദാബി പോലീസ് അറിയിച്ചു.