Gulf

200 നഗരങ്ങളെ ബന്ധിപ്പിച്ച് ബസ്സുകള്‍, 35,000 പേര്‍ക്ക് തൊഴിലവസരം; സൗദിയില്‍ മൂന്ന് വന്‍കിട ബസ് കമ്പനികള്‍ സര്‍വീസ് തുടങ്ങി

Published

on

റിയാദ്: സൗദി അറേബ്യയില്‍ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ബസ് കമ്പനികള്‍ സര്‍വീസ് ആരംഭിച്ചു. നിലവില്‍ ബസ് റൂട്ട് സര്‍വീസുകള്‍ക്ക് സാപ്റ്റ്‌കോ കമ്പനി മാത്രമായിരുന്നു ആശ്രയം. സൗദിയിലെ മൂന്നു പ്രമുഖ മേഖലകള്‍ കേന്ദ്രീകരിച്ച് 200 നഗരങ്ങളെ ബന്ധിപ്പിച്ച് ബസ്സുകള്‍ ഓടിക്കുന്നതിന് വിദേശ കമ്പനികളുടെ സഹകരണത്തോടെ സൗദി ഗതാഗത മന്ത്രാലയം പദ്ധതിക്ക് തുടക്കം കുറിച്ചു.

ഉത്തര സൗദിയില്‍ ദര്‍ബ് അല്‍വതന്‍ കമ്പനിയും വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നോര്‍ത്ത് വെസ്റ്റ് ബസ് കമ്പനിയും ദക്ഷിണ മേഖലയില്‍ സാറ്റ് കമ്പനിയും ബസ്സുകള്‍ ഓടിക്കും. മൂന്ന് മഹാ നഗരങ്ങളെയും 200 പട്ടണങ്ങളെയും ബന്ധിച്ചാണ് യാത്രകള്‍. പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കഴിയുന്ന വിധത്തിലാണ് അത്യാധുനിക ബസ്സുകളും സര്‍വീസുകളും ഒരുക്കിയിരിക്കുന്നത്. 76 റൂട്ടുകളിലാണ് പൊതുയാത്രാ ബസ്സുകള്‍ വരുന്നത്.

നൂതന സാങ്കേതിക സവിശേഷതകള്‍ സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക ബസ്സുകള്‍ നിരത്തിലിറക്കാനും സര്‍വീസ് നടത്താനുമായി മൂന്ന് അന്താരാഷ്ട്ര കമ്പനികളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

ബസ് ഗതാഗത സേവന പദ്ധതി സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍ ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി (ടിജിഎ) സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ മന്ത്രിമാരും അംബാസഡര്‍മാരും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യമേഖലയിലെ കമ്പനികളിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.

35,000ത്തിലധികം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയാണിതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഗതാഗത മന്ത്രി സാലിഹ് ബിന്‍ നാസര്‍ പറഞ്ഞു. രാജ്യത്തിന് 320 കോടി റിയാലിന്റെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) കൂടി ഇതിലൂടെ ഉണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വകാര്യ മേഖലാ പങ്കാളിത്തം ശക്തിപ്പെടുത്തി ജനങ്ങള്‍ക്ക് മികച്ച യാത്രാസേവനങ്ങള്‍ നല്‍കുന്നതാണ് പദ്ധതി. രാജ്യത്തെ ഗതാഗത, ലോജിസ്റ്റിക് സംവിധാനം പരിഷ്‌കരിക്കുന്നതില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിവരുന്ന പരിശ്രമങ്ങളെയും മന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക് സ്ട്രാറ്റജി (NTLS) രാജ്യപുരോഗതിക്ക് വലിയ മുതല്‍ക്കൂട്ടായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് അന്താരാഷ്ട്ര കണ്‍സോര്‍ഷ്യങ്ങള്‍ വഴിയാണ് ബസ് സര്‍വീസുകള്‍ക്ക് തുടക്കമിട്ടത്. ബസ് സര്‍വീസ് മേഖലയിലെ ആദ്യ വിദേശ നിക്ഷേപമാണിത്. ദര്‍ബ് അല്‍വതന്‍ കമ്പനിയാണ് ഉത്തര സൗദിയില്‍ ബസ് സര്‍വീസ് സേവനം നല്‍കുക. 26 റൂട്ടുകളില്‍ 75 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദര്‍ബ് അല്‍വതന്‍ ദിവസേന 124 സര്‍വീസുകള്‍ നടത്തും.

വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നോര്‍ത്ത് വെസ്റ്റ് ബസ് കമ്പനിക്കാണ് കരാര്‍. 23 റൂട്ടുകളില്‍ 70 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 190 സര്‍വീസുകള്‍ നടത്തും. മൂന്നാമത്തെ കമ്പനിയായ സാറ്റ് ദക്ഷിണ മേഖലയില്‍ 27 റൂട്ടുകളിലൂടെ 80 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 178 സര്‍വീസുകളാണ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version