ദക്ഷിണാഫ്രിക്കന്‍ ടീമിലും മാറ്റങ്ങളുണ്ടായേക്കാം. പരിക്കേറ്റ ക്യാപ്റ്റന്‍ തെംബ ബവുമയും പേസര്‍ ജെറാള്‍ഡ് കോട്സിയും കേപ്ടൗണില്‍ ഇറങ്ങില്ല. ബവുമയുടെ അഭാവത്തില്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗറാണ് രണ്ടാം ടെസ്റ്റില്‍ പ്രോട്ടീസിനെ നയിക്കുക. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് 36കാരനായ എല്‍ഗര്‍. ഇതിനിടെയാണ് ടീമിനെ നയിക്കുകയെന്ന അപൂര്‍വ നിയോഗം താരത്തെ തേടിയെത്തിയത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ കനത്ത പരാജയമാണ് ഇന്ത്യ വഴങ്ങിയത്. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ തോല്‍വി. 136 റണ്‍സ് ഒന്നാം ഇന്നിങ്‌സ് കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 34.1 ഓവറില്‍ 131 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.
ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്‌ലിക്ക് മാത്രമായിരുന്നു പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. 82 പന്തില്‍ നിന്ന് 76 റണ്‍സെടുത്ത കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 12 സിക്‌സും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. റണ്ണൊന്നും നേടാതെ പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയടക്കം പ്രധാന ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി. ഹിറ്റ്മാനടക്കം ഒന്‍പത് പേര്‍ക്ക് രണ്ടക്കം കടക്കാനായിരുന്നില്ല.