Sports

ഇതാ രാജാക്കന്മാര്‍; ഏഷ്യ കീഴടക്കി ഹിറ്റ്മാനും സംഘവും

Published

on

കൊളംബോ: ഏഷ്യായുദ്ധത്തില്‍ വിജയകാഹളം മുഴക്കി ഇന്ത്യ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഏഷ്യാ കപ്പ് ഉയര്‍ത്തിയത്. ശ്രീലങ്ക മുന്നോട്ടുവെച്ച 51 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ മറികടന്നു. ഏഷ്യാകപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ഇന്ത്യക്കായി 23 റണ്‍സുമായി ഇഷാന്‍ കിഷന്‍, 27 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പുറത്താവാതെ നിന്നു.

ആതിഥേയര്‍ ഉയര്‍ത്തിയ കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെയായിരുന്നു ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയത്. ശുഭ്മാന്‍ ഗില്ലിനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം ഓപ്പണ്‍ ചെയ്യാനെത്തിയത് ഇഷാന്‍ കിഷന്‍. അതിവേഗ വിജയത്തിലേക്കാണ് ലക്ഷ്യമെന്ന് സൂചിപ്പിക്കുന്ന മാറ്റം. പ്രതീക്ഷിച്ചതുപോലെ ആക്രമിച്ചു കളിച്ച ഇഷാന്‍ ഇന്ത്യയുടെ കിരീടധാരണം എളുപ്പമാക്കി. മൂന്ന് ബൗണ്ടറിയടക്കം 18 പന്തില്‍ നേരിട്ട ഇഷാന്‍ 23 റണ്‍സെടുത്തു. ആറ് ബൗണ്ടറിയുടെ അകമ്പടിയോടെ 19 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത ഗില്‍ പ്രതീക്ഷയ്ക്കൊപ്പം നിന്നു.

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ കുശാല്‍ പെരേരയെ ജസ്പ്രീത് ബുമ്ര വീഴ്ത്തി. ഫ്രണ്ട് ഫൂട്ടില്‍ ഡ്രൈവിന് ശ്രമിച്ച പെരേരയക്ക് പിഴച്ചു. പന്ത് അനായാസം വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളില്‍. സംപൂജ്യനായി മടങ്ങിയ കുശാലിന് പകരക്കാരനായി ഇറങ്ങിയത് കുശാല്‍ മെന്‍ഡിസ്. പിന്നീടങ്ങോട്ട് ശ്രീലങ്കയുടെ ഹൃദയം തകര്‍ത്ത് തുടർച്ചയായി വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.

മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ പതും നിസ്സങ്ക വീണു. നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത നിസങ്കയെ മുഹമ്മദ് സിറാജ് ആണ് പുറത്താക്കിയത്. രവീന്ദ്ര ജഡേജയ്ക്കായിരുന്നു ക്യാച്ച്. ഇതോടെ എട്ട് റണ്‍സിന് രണ്ടെന്ന നിലയില്‍ ലങ്ക പരുങ്ങലിലായി. തൊട്ടടുത്ത പന്തുകളില്‍ സധീര സമരവിക്രമയെയും ചരിത് അസലങ്കയെയും സംപൂജ്യരാക്കി മടക്കി സിറാജ് ലങ്കയുടെ അടിവേരറുത്തു.

പവർ പ്ലേയുടെ തുടക്കത്തില്‍ തന്നെ മുന്‍നിരയെ മടക്കിയിട്ടും ബുമ്ര-സിറാജ് ആക്രമണം അവസാനിപ്പിച്ചില്ല. ധനഞ്ജയ ഡി സില്‍വയെയും (4) ക്യാപ്റ്റന്‍ ദസുന്‍ ശനക (0)യെയും പുറത്താക്കി സിറാജ് ലങ്കന്‍ ക്യാംപിനെ ഞെട്ടിച്ചു. ഒരുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരിക്കുമ്പോള്‍ വണ്‍ ഡൗണായി ഇറങ്ങിയ കുശല്‍ പെരേര ക്രീസിലുറച്ചു. ദുനിത് വെല്ലാലഗെയെയും കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ 11-ാം ഓവറില്‍ എട്ട് റണ്‍സ് നേടിയ വെല്ലാലഗെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ ലങ്കയുടെ അവസാന പ്രതീക്ഷയ്ക്കും മങ്ങലേല്‍പ്പിച്ചു. വാലറ്റക്കാരനായി ഇറങ്ങിയ പ്രമോദ് മധുശന്‍ (1), മതീഷ പതിരാന (0) എന്നിവരെയും മടക്കിയയച്ച് ഹാര്‍ദ്ദിക് പട്ടിക പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version