Gulf

ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും; കുട്ടികളെ വരവേൽക്കാനൊരുങ്ങി യുഎഇ വിപണി

Published

on

അബുദാബി: യുഎഇയിലെ സ്‌കൂളുകള്‍ തുറക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ രാജ്യത്തെ സ്‌കൂള്‍ വിപണിയും സജീവമായി. ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് ഉപഭോക്താക്കള്‍ക്കായി വ്യാപാരസ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. യുഎഇയിലുടനീളമുള്ള സ്‌കൂളുകളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനുളള അവസാന വട്ട ഒരുക്കത്തിലാണ്. അതിന്റെ ആവേശം രാജ്യത്തെ വിപണിയിലും പ്രകടമായി കാണാം.

ബാഗും ലാപ്ടോപ്പും ടാബും ഉള്‍പ്പടെയുളള സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ വലിയ തിരക്കാണ് ഷോപ്പിംഗ് മാളുകളില്‍ കാണാനാകുന്നത്. ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചാണ് വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്. 25,000 ദിര്‍ഹം വരെ സ്‌കൂള്‍ ഫീസ്, ദിവസേനയുളള നറുക്കെടുപ്പിലൂടെ ലാപ്ടോപ്പ്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് 400 ദിര്‍ഹം വിലക്കിഴവ് എന്നിങ്ങനെ നീളുകയാണ് ഓഫറുകള്‍. ചിലയിടങ്ങളിൽ സ്‌കൂള്‍ ബാഗുകള്‍, ഷൂസ്, ടിഫിന്‍ ബോക്‌സ് എന്നിവക്ക് 75 ശതമാനം വരെ വിലക്കിഴിവുമുണ്ട്.

ആകര്‍ഷകമായ എക്‌സചേഞ്ച് ഓഫറുകളും നിലവിലുണ്ട്. അതേസമയം, സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുളള നടപടികളും വിവിധ എമിറേറ്റുകളിലെ പൊലീസ് സേനയുടെയും മുന്‍സിപ്പാലിറ്റികളുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. അബുദാബി മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകള്‍ക്ക് ചുറ്റുമുളള ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുളള സമഗ്രമായ പദ്ധതി പൂര്‍ത്തിയായതായി അബുദാബി സിറ്റി മുന്‍സിപ്പാലിറ്റി അറിയിച്ചു.

ട്രാഫിക് ചിഹ്നങ്ങളുടെ പരിപാലനം, കാല്‍നട ക്രോസിംഗുകള്‍ മെച്ചപ്പെടുത്തല്‍, വേഗത കുറയ്ക്കല്‍, സംവിധാനങ്ങള്‍ നടപ്പിലാക്കല്‍, സ്‌കൂളുകള്‍ക്ക് സമീപമുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. സ്കൂള്‍ മേഖലകളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഓരോ പ്രദേശത്തെയും വേഗ പരിധി ശ്രദ്ധിക്കണമെന്നും അബുദാബി സിറ്റി മുന്‍സിപ്പാലിറ്റി ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version