Gulf

ബഹിരാകാശ സഞ്ചാരി അല്‍നെയാദി അടുത്തയാഴ്ച യുഎഇയില്‍ മടങ്ങിയെത്തും

Published

on

അബുദാബി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ആറുമാസം ചെലവഴിച്ച ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയും യുഎഇ പൗരനുമായ സുല്‍ത്താന്‍ അല്‍നെയാദി അടുത്തയാഴ്ച രാജ്യത്ത് തിരിച്ചെത്തും. ഏതാനും ദിവസം മുമ്പ് ഭൂമിയില്‍ തിരിച്ചെത്തിയ അല്‍നെയാദി സെപ്റ്റംബര്‍ 18ന് യുഎഇയിലെത്തുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എംബിആര്‍എസ്‌സി) അറിയിച്ചു.

ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി അല്‍നെയാദി സെപ്റ്റംബര്‍ നാലിനാണ് ഭൂമിയില്‍ തിരിച്ചെത്തിയത്. ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലാണ് വന്നിറങ്ങിയത്. നാസയിലെ ആറംഗ സംഘത്തോടൊപ്പം 2023 മാര്‍ച്ച് രണ്ടിനായിരുന്നു ഇവിടെ നിന്ന് പുറപ്പെട്ടത്. ആറ് മാസത്തിലധികം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചു.

ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആദ്യ അറബ് വംശജന്‍, ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്തു വസിച്ച അറബ് വംശജന്‍ എന്നീ റെക്കോഡുകള്‍ കുറിച്ചാണ് അല്‍നെയാദി സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ എന്ന പേടകത്തില്‍ ഭൂമിയില്‍ തിരിച്ചിറങ്ങിയത്. 17 മണിക്കൂര്‍ നീണ്ട പറക്കലിന് ശേഷമാണ് പേടകം ഫ്‌ലോറിഡ തീരത്ത് പതിച്ചത്. അല്‍ നെയാദിയുടെ മറ്റ് ക്രൂ6 അംഗങ്ങളായ നാസ ബഹിരാകാശയാത്രികരായ സ്റ്റീഫന്‍ ബോവന്‍, വുഡി ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി ആന്ദ്രേ ഫെഡ്യേവ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

186 ദിവസങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിച്ചുകൂട്ടിയ അല്‍ നെയാദി ഏഴ് മണിക്കൂറും ഒരു മിനിറ്റും കൊണ്ട് ഒരു ബഹിരാകാശ നടത്തവും പൂര്‍ത്തിയാക്കി. ബഹിരാകാശത്ത് താമസിച്ചിരുന്ന സമയത്ത്, അല്‍ നെയാദി ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ അതിശയകരമായ കാഴ്ചകള്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ നേട്ടങ്ങളും വെല്ലുവിളികളും പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റ് ചെയ്യുകയുണ്ടായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 200ലധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയാണ് നെയാദി മടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version