Kerala

ആകാശ് തില്ലങ്കേരി കണ്ണൂർ സെൻട്രൽ ജയിലിൽ

Published

on

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയേയും പുലർച്ചെ 4 മണിയോടെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ഇരുവർക്കും എതിരെയുള്ള പോലീസ് റിപ്പോർട്ട് കളക്ടർ അംഗീകരിച്ചതോടെ ഇരുവരും ഇനി ആറ് മാസത്തോളം കരുതൽ തടങ്കലിൽ കഴിയേണ്ടി വരും. അതേസമയം ഇരുവരുടെയും അറസ്റ്റ് ഉന്നത നേതൃത്വത്തിന്റെ അറിവോടെ തന്നെയാണെന്നാണ് റിപ്പോർട്ട്. ആകാശ് തില്ലങ്കേരിയെ പോലീസിനെ ഉപയോഗിച്ച് പൂട്ടിയത് ആഭ്യന്തര വകുപ്പിനോട് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയതിന്റെ ഫലമായാണെന്നാണ് സൂചന. സിപിഎമ്മിനെതിരെ സോഷ്യല്‍മീഡിയയിലൂടെ പരസ്യവിമര്‍ശനം അഴിച്ചുവിട്ട ആകാശ് തില്ലങ്കേരിയെ സാമൂഹ്യവിരുദ്ധ ഗുണ്ടാ നിയമമായ കാപ്പ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മുഴക്കുന്ന് പോലീസ് തില്ലങ്കേരിയിലെ വഞ്ഞേരിയിലെ വീട്ടിലെത്തിയാണ് തിങ്കളാഴ്ച്ച വൈകുന്നേരം ആറുമണിയോടെ ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തത്. ഇതോടെ സിപിഎമ്മിനെതിരെ നീങ്ങിയ സൈബര്‍ സഖാക്കളില്‍ പ്രമുഖനാണ് നിയമകുരുക്കില്‍പ്പെടുന്നത്. മുഴക്കുന്ന് സി. ഐയുടെ നേതൃത്വത്തിലാണ് ആകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഷുഹൈബ് വധക്കേസിലും തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും പ്രതിയാണ് ആകാശ്.

കഴിഞ്ഞ നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷം സമൂഹത്തിന് ഭീഷണിയുയര്‍ത്തുന്നുവെന്ന് കാരണം കാട്ടിയാണ് ആകാശ് തില്ലങ്കേരിയെ ഗുണ്ടാനിയമം ചുമത്തി അറസ്റ്റ് ചെയ്തതിരിക്കുന്നത്. കാപ്പ നിയമ വകുപ്പ് മൂന്ന് പ്രകാരമാണ് അറസ്റ്റ്. കണ്ണൂര്‍ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ പുറത്തിറക്കിയ ഉത്തരവില്‍ ആറ് മാസം തടവിനും നിര്‍ദേശമുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ സിപിഎം നേതാക്കളുടെ പങ്കിനെ സൂചിപ്പിക്കുന്ന ആകാശിന്റെയും കൂട്ടാളികളുടേയും വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ വലിയ തരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന പരാതിയില്‍ ആകാശിനെതിരെ കേസെടുത്തത്.

ഡിവൈഎഫ്ഐയുടെ വനിതാ നേതാവിനെ അപമാനിച്ച കേസില്‍ അടുത്തിടെയാണ് ആകാശ് തില്ലങ്കേരിക്ക് ജാമ്യം ലഭിച്ചത്. സോഷ്യല്‍ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചുവെന്ന പരാതിയിലാണ് ആകാശിനും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തിരുന്നത്. സിപിഎമ്മിന് തലവേദനയായി മാറിയ ആകാശ് തില്ലങ്കേരിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് പാര്‍ട്ടിയിലെ ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു. പരസ്പരം സോഷ്യല്‍മീഡിയയിലൂടെ പോരും വിഴുപ്പലക്കുംതില്ല മൂര്‍ച്ഛിച്ചതോടെയാണ് ആകാശ് തില്ലങ്കേരിയെ തളളിപറഞ്ഞു കൊണ്ടു സിപിഎം തില്ലങ്കേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയത്. ആകാശ് തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖമല്ലെന്നാായിരുന്നു സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ പ്രസംഗിച്ചത്. ആകാശിനെപ്പോലുളള ക്രിമിനല്‍ സംഘവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാസെക്രട്ടറി എംവി ജയരാജനും പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി തളളിപറഞ്ഞ സൈബര്‍ സഖാവിനെ നിയമപരമായി നേരിടാന്‍ നീക്കം തുടങ്ങിയത്.

നേരത്തെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി അര്‍ജുന്‍ ആയങ്കിക്കെതിരെയും കാപ്പ ചുമത്തിയിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത് കോടതി തളളിക്കളയുകയായിരുന്നു. എന്നും പാര്‍ട്ടിയോടൊപ്പം ഉറച്ചുനിന്ന ഒരു കുടുംബമാണ് ആകാശിന്റെത്. പിതാവ് ഇപ്പോഴും പാര്‍ട്ടി അംഗവുമാണ്. ദിവസങ്ങള്‍ക്കു മുന്‍പ് ആകാശിനെതിരെ പാര്‍ട്ടി തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പിതാവും പങ്കെടുത്തിരുന്നു. ഇദ്ദേഹത്തെ സാക്ഷിയാക്കി കൊണ്ടാണ് പി ജയരാജന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ ആകാശ് തില്ലങ്കേരിക്കെതിരെ പ്രസംഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version