Gulf

പ്രളയജലം പിന്‍വാങ്ങിയപ്പോള്‍ ഷാര്‍ജയില്‍ കണ്ടത് 1962ലെ പൊട്ടിക്കാത്ത പെപ്‌സി ബോട്ടില്‍

Published

on

ഷാര്‍ജ: കഴിഞ്ഞ ആഴ്ച ചെയ്ത ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നല്‍ പ്രളയം വലിയ നാശനഷ്ടങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്. പ്രളയജലത്തില്‍ വാഹനങ്ങളും മറ്റ് അമൂല്യ വസ്തുക്കളും ഒഴുകിപ്പോയിരുന്നു. ജലത്തിന്റെ ശക്തമായ കുത്തൊഴിക്കില്‍ പലയിടങ്ങളിലും റോഡുകള്‍ തകരുകയും വലിയ കുഴികള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

എന്നാല്‍ ഷാര്‍ജയിലെ അല്‍ ദൈദ് പ്രദേശത്ത് ഇത്തരമൊരു കുഴികളിലൊന്നില്‍ പ്രത്യക്ഷപ്പെട്ട ‘നിധി’ ചരിത്രകുതുകിയായ യുഎഇ പൗരന്‍ അലി റാശിദ് അല്‍ കത്ബിയെ ഏറെ അദ്ഭുതപ്പെടുത്തി. 1960 കളില്‍ ദുബായില്‍ നിര്‍മിച്ച പെപ്സി-കോളയുടെ സീല്‍ പൊട്ടിക്കാത്ത കുപ്പിയായിരുന്നു അത്. അതില്‍ അറബിയില്‍ ‘ദുബായ്’ എന്ന് രേഖപ്പെടുത്തിയിരുന്നു. മുക്കാല്‍ നൂറ്റാണ്ടോമായിട്ടും കാലാവസ്ഥകള്‍ മാറിമാറി വന്നിട്ടും കാലാവസ്ഥാ വ്യതിയാനങ്ങള്‍ പലതുമുണ്ടായിരുന്നിട്ടും, കുപ്പിയും അതിനകത്തെ പാനീയവും കുപ്പിക്കു മുകളിലെ പ്രിന്റുമെല്ലാം സുരക്ഷിതമായി മാറ്റങ്ങളൊന്നുമില്ലാതെ സംരക്ഷിക്കപ്പെട്ടിരുന്നു.

പൈതൃക പ്രേമിയും ഗവേഷകനുമായ സ്വദേശി യുവാവ് പ്രളയജലം പിന്‍വലിഞ്ഞ പ്രദേശങ്ങളില്‍ എന്തെങ്കിലും പുരാവസ്തു സാധനങ്ങള്‍ കിട്ടുമോ എന്നു അന്വേഷിച്ചു തിരയുമ്പോഴായിരുന്നു പെപ്‌സി കോളയുടെ ബോട്ടില്‍ ശ്രദ്ധയില്‍പ്പെട്ടത്. ശക്തമായ പ്രളയത്തില്‍ ഭൂമിക്കു മുകളിലെ മണ്ണ് ഇളകി മറഞ്ഞു കിടക്കുന്ന പലതും പുറത്തുവരുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുരാവസ്തു ഗവേഷകന്‍ കൂടിയായ അലി റാശിദിന്റെ തിരച്ചില്‍. വലിയൊരു പാറക്കെട്ടിനോടു ചേര്‍ന്നുള്ള മണ്ണെല്ലാം ഒലിച്ചുപോയി രൂപപ്പെട്ട വലിയ കുഴിയിലായിരുന്നു പുതിയതെന്ന് തോന്നിക്കുന്ന രീതിയിലുള്ള പെപ്‌സി ബോട്ടില്‍ കണ്ടെടുത്തത്.

ചരിത്ര പ്രാധാന്യമുള്ള പ്രദേശമെന്ന നിലയില്‍ അല്‍ദൈദിലെ ആളുകളോട് എന്തെങ്കിലും ചരിത്രാവശിഷ്ടങ്ങളുണ്ടോ എന്ന് താന്‍ പലപ്പോഴും ചോദിക്കാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പ്രളയം അവയെ പുറത്തുകൊണ്ടുവന്നിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. പുരാവസ്തുക്കളും പഴയ വാസസ്ഥലങ്ങളുടെ ശേഷിപ്പുകളും വെളിപ്പെടുത്തുന്നതില്‍ പ്രളയം പോലുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ വലിയ പങ്കു വഹിക്കാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1958-ല്‍ സ്ഥാപിതമായ ദുബായ് റിഫ്രഷ്മെന്റ് കമ്പനി നിര്‍മിച്ചതാണ് ഷാര്‍ജയില്‍ കണ്ടെടുത്ത ബോട്ടിലെന്നാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പാനീയത്തിന്റെ നിര്‍മാണം 1962ലാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതെന്നും അല്‍ കത്ബി പറഞ്ഞു. കുപ്പിക്കു മുകളിലെ ബാര്‍കോഡ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലായത്. പാറകള്‍ക്കിടയില്‍ നിന്ന് ലഭിച്ച ഈ പെപ്‌സി ബോട്ടില്‍ ദുബായുടെ ആദ്യകാല വ്യാപാര ചരിത്രവും ദുബായ് സ്ഥാപകനായ ശെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണവുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ചരിത്രത്തില്‍ ഡോക്ടറല്‍ റിസേര്‍ച്ച് ചെയ്യുകയാണ് അലി അല്‍ കത്ബി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version