Gulf

ഡെലിവറി വാഹനങ്ങള്‍ക്കും റൈഡര്‍മാര്‍ക്കും പുതിയ നിയമങ്ങളുമായി അജ്മാന്‍

Published

on

അജ്മാന്‍: ഡെലിവറി ബൈക്കുകള്‍, മറ്റു വാഹനങ്ങള്‍, റൈഡര്‍മാര്‍, കമ്പനികള്‍ എന്നിവയ്ക്കുള്ള നിയമങ്ങള്‍ അജ്മാന്‍ പുറത്തിറക്കി. ഗതാഗത പ്രക്രിയ സുഗമമാക്കുന്നതിനും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപീകരിച്ചത്.

ഡെലിവറി റൈഡര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, വാഹനങ്ങള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കും ലൈസന്‍സ് ലഭ്യമാക്കുക, നിയമാനുസൃതമായ ഡെലിവറി ബോക്സുകള്‍ സജ്ജമാക്കുക എന്നിവ ഡെലിവറി ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളാണ്.

ഡെലിവറി റൈഡര്‍ അല്ലെങ്കില്‍ ഡ്രൈവര്‍ ജോലിയുടെ നിലവാരത്തെ തടസ്സപ്പെടുത്തുന്ന രോഗങ്ങളില്‍ നിന്ന് മുക്തനായിരിക്കണം. മാനസികാരോഗ്യ പരിശോധനയില്‍ വിജയിക്കുക എന്നതും പ്രധാന ആവശ്യകതകളില്‍ ഒന്നാണെന്ന് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഒമര്‍ മുഹമ്മദ് ലൂത്ത പറഞ്ഞു.

ഡെലിവറി സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്ക് ചട്ടപ്രകാരമുള്ളതും അംഗീകൃതവുമായ ഓഫീസ്, വാഹനങ്ങള്‍, അവരുടെ ബിസിനസിന്റെ സ്വഭാവത്തിന് അനുസൃതമായ പാര്‍ക്കിങ് എന്നിവ ഉണ്ടായിരിക്കണം. ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അനുമതി വാങ്ങാതെ വാഹനങ്ങളില്‍ ഡെലിവറി സ്ഥാപനങ്ങളുടെയോ മറ്റോ പരസ്യങ്ങള്‍ ഒട്ടിക്കുന്നതോ സ്റ്റിക്കറുകള്‍ പതിക്കുന്നതോ തൂക്കിയിടുന്നതോ അനുവദനീയമല്ല.

സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഡെലിവറി ബോക്സുകളും മാനദണ്ഡ പ്രകാരമുള്ളതായിരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ സൂചിപ്പിച്ചു. ബൈക്കുകളിലെ ഡെലിവറി ബോക്സിന് 50 സെന്റിമീറ്ററിലധികം നീളമോ 50 സെന്റിമീറ്ററില്‍ കൂടുതല്‍ വീതിയോ പാടില്ല. ബോക്സിന്റെ എല്ലാ വശങ്ങളിലും ലൈറ്റുകള്‍ നല്‍കുകയും ചുവപ്പും വെള്ളയും പ്രതിഫലിക്കുന്ന സ്റ്റിക്കര്‍ പതിക്കുകയും ചെയ്യണമെന്നാണ് നിബന്ധന.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version