അബുദാബി: ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിലെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ദുബായ് എയര്ഷോ-2023ല്‍ പങ്കെടുക്കാനെത്തിയ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ അലോക് സിങ് വെളിപ്പെടുത്തി.
യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്കുള്ള ശേഷി വര്‍ധിപ്പിക്കും. കൂടുതല്‍ വര്‍ധന സൗദി അറേബ്യയിലേക്ക് ആയിരിക്കും. ബഹ്റൈന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ ചെറിയ വര്‍ധനയുണ്ടാകും. ഇന്ത്യയിലെ വിവിധ ടയര്‍ 2, 3 നഗരങ്ങളിലെ ഗള്‍ഫ് യാത്രക്കാര്‍ക്ക് മികച്ച കണക്റ്റിവിറ്റി നല്‍കാനും എയര്‍ ഇന്ത്യ എക്സ്പ്രസ് ശ്രമിക്കുന്നതായി അദ്ദേഹം അറിയിച്ചു.
പുതിയ സെക്ടറായ കണ്ണൂരില്‍ നിന്നുള്ള ശേഷി വര്‍ധിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. കേരള-ഗള്‍ഫ് യാത്രാ വിപണി മികച്ചതാണ്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലെ മറ്റിടങ്ങളിലേക്ക് ഈ വര്‍ഷം കൂടുതല്‍ കണക്റ്റിവിറ്റിയുണ്ടാവും. അതുവഴി യുഎഇയിലെയും ഗള്‍ഫ് മേഖലയിലെയും ആളുകള്‍ക്ക് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതല്‍ യാത്രാസൗകര്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ബജറ്റ് വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യക്കും യുഎഇക്കുമിടയില്‍ ആഴ്ചയില്‍ 105 വിമാനങ്ങള്‍ പറത്തുന്നുണ്ട്. ദുബായിലേക്ക് 80, ഷാര്‍ജയിലേക്ക് 77, അബുദാബിയിലേക്ക് 31, റാസല്‍ഖൈമയിലേക്ക് 5, അല്‍ ഐനിലേക്ക് 2 എന്നിങ്ങനെയാണിത്. ഗള്‍ഫ് മേഖലയിലുടനീളം ആഴ്ചയില്‍ 308 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു.
ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം തെക്കുകിഴക്കന്‍ ഏഷ്യയിലും ഗള്‍ഫ് മേഖലയിലും പുതിയ വിപണികളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. ഇതുവരെ, എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ്, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് പോയിന്റ് ടു പോയിന്റ് മാത്രമായിരുന്നു. ഇപ്പോള്‍ ഇത് ആഭ്യന്തര റൂട്ടുകളുടെ വിപുലമായ കണക്റ്റിവിറ്റിയായി മാറാന്‍ പോകുന്നു. ഇത് ഈ പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഉപകാരപ്രദമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര, ഗള്‍ഫ്, തെക്കുകിഴക്കന്‍ ഏഷ്യ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനാല്‍ വരും മാസങ്ങളില്‍ നൂറുകണക്കിന് പൈലറ്റുമാരെയും ക്യാബിന് ക്രൂവിനെയും റിക്രൂട്ട് ചെയ്യേണ്ടിവരും. കഴിഞ്ഞ ആറ് മാസത്തിനിടെ 350 പൈലറ്റുമാരെയും കഴിഞ്ഞ വര്‍ഷം 550 ക്യാബിന് ക്രൂ അംഗങ്ങളെയും നിയമിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിമാസം 50 പൈലറ്റുമാരെയും ഏകദേശം 200 ക്യാബിന് ക്രൂ അംഗങ്ങളെയും റിക്രൂട്ട് ചെയ്തുവരുന്നു.
അടുത്ത 15 മാസത്തിനുള്ളില്‍ 450 പൈലറ്റുമാരെയും 700-800 ക്യാബിന് ക്രൂവിനെയും നിയമിക്കും. 2024 ഡിസംബറോടെ 100 വിമാനങ്ങളും അഞ്ച് വര്‍ഷത്തിനുള്ളില്‍ 175 വിമാനങ്ങളുമായി ശേഷി ഉയര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് എയര്‍ ഇന്ത്യയോടൊപ്പം എയര്‍ ഇന്ത്യ എക്സ്പ്രസും സ്വകാര്യവത്കരിച്ചത്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം 2023 മാര്‍ച്ചില്‍ എയര്‍ ഇന്ത്യ ഗ്രൂപ്പ് അതിന്റെ രണ്ട് അനുബന്ധ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഏഷ്യയും തമ്മില്‍ ലയിപ്പിക്കുകയും ചെയ്തു.