Gulf

ഗള്‍ഫിലെ ഏറ്റവും വലിയ പ്രവാസി ഫുട്‌ബോള്‍ മേളയ്ക്ക് മൂന്നു വര്‍ഷത്തിനു ശേഷം കളമൊരുങ്ങുന്നു

Published

on

ജിദ്ദ: കാല്‍നൂറ്റാണ്ടോളമായി ജിദ്ദയില്‍ നടന്നുവരുന്ന ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ പ്രവാസി ഫുട്‌ബോള്‍ കായികമേളയായ സിഫ് ചാംപ്യന്‍സ് ലീഗ് മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്നു. 1995ല്‍ രൂപീകരിച്ച സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിനു കീഴിലെ ഇരുപതാമത് സിഫ് ഈസ് ടീ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളുടെ ഫിക്‌സചര്‍ പ്രകാശം ചെയ്തു.

ഈ മാസം 29ന് ജിദ്ദ വസീരിയ അല്‍താഊന്‍ സ്‌റ്റേഡിയത്തിലാണ് മൂന്ന് ഡിവിഷനുകളിലായി മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ജിദ്ദയിലെ കലാ-കായിക-സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖരുടെയും സിഫ് ഭാരവാഹികളും ക്ലബ്ബ് മെമ്പര്‍മാരുടെയും സാന്നിധ്യത്തില്‍ ജിദ്ദ റമാദ ഹോട്ടലിലായിരുന്നു ഫിക്‌സചര്‍ പ്രകാശനം.

23 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദേശീയ അന്തര്‍ ദേശീയ താരങ്ങള്‍ ബൂട്ടണിയും. പ്രൊഫഷണല്‍ രീതിയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ നിയമാവലികള്‍ പാലിച്ചാണ് വര്‍ഷം തോറും ലീഗ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചുവരുന്നത്. സിഫില്‍ ആയിരത്തിലധികം പ്രവാസി താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിഫിലെ അതിഥിതാരങ്ങളായി ബൂട്ടണിയാന്‍ ഇന്ത്യയില്‍ നിന്ന് ദേശീയ-അന്തര്‍ദേശീയ കളിക്കാരെ സൗദിയില്‍ എത്തിക്കാറുണ്ട്. ഇത്തവണയും സന്തോഷ് ട്രോഫി താരങ്ങളും സര്‍വകലാശാല താരങ്ങളും സിഫ് ടൂര്‍ണമെന്റില്‍ പങ്കെടുത്തേക്കും.

വാരാന്ത്യ അവധിദിനങ്ങളില്‍ രാത്രി നടക്കുന്ന സിഫ് ടൂര്‍ണമെന്റ് മല്‍സരങ്ങള്‍ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്താറുള്ളത്. 22 വര്‍ഷം മുമ്പ് ഡോ. അബ്ദുല്ല മൂപ്പന്‍ പ്രസിഡന്റും യൂസുഫ് കുട്ടി സെക്രട്ടറിയും കെ പി അബ്ദുല്‍ സലാം ട്രഷററുമായാണ് പ്രഥമ കമ്മിറ്റി രൂപീകരിക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പ്രവാസി കായിക സംഘടന എന്ന ഖ്യാതിയും ഏറ്റവും വലിയ കായിക മാമാങ്കം എന്ന ഖ്യാതിയും സിഫിനുണ്ട്.

ഫിക്‌സചര്‍ പ്രകാശന ചടങ്ങില്‍ സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷനായിരുന്നു. സിഫ് ജനറല്‍ സെക്രട്ടറി നിസാം മമ്പാട് സ്വാഗതമാശംസിച്ചു. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് മൊയ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു.

ഷിഫ ജിദ്ദ പോളിക്ലിനിക്ക് എംഡി അബ്ദുര്‍റഹ്മാന്‍, പ്രിന്റക്‌സ് എംഡി റഹീം പത്തുതറ അല്‍ ഹര്‍ബി സ്വീറ്റ്‌സ് മേധാവി മുഹമ്മദ്, സിഫ് മുന്‍ പ്രസിഡന്റ് ഹിഫ്‌സുറഹ്മാന്‍, കെഎംസിസി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ഒഐസിസി ജനറല്‍ സെക്രട്ടറി സക്കീര്‍ എടവണ്ണ, നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, സലാഹ് കാരാടന്‍, മുഷ്താഖ് മുഹമ്മദലി വിപി, സിഫ് വൈസ് പ്രസിഡന്റ് അയൂബ് മുസ്‌ല്യാരകത്ത്, മുന്‍ മലപ്പുറം ജില്ലാ ഫുട്ബാള്‍ ടീം കോച്ച് സിപിഎം ഉമ്മര്‍കോയ ഒതുക്കുങ്ങല്‍, ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ് സാദിഖലി തുവ്വൂര്‍, സിഫ് രക്ഷാധികാരി നാസര്‍ ശാന്തപുരം, സിഫ് സെക്രട്ടറി അബു കട്ടുപ്പാറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

വൈസ് പ്രസിഡന്റ് ഷബീര്‍ അലി ലവയും സെക്രട്ടറിമാരായ അബു കട്ടുപ്പാറയും അന്‍വര്‍ വല്ലാഞ്ചിറയും രൂപപ്പെടുത്തിയ ഫിക്ചര്‍ ലോട്ട് സിസ്റ്റം ഫിഫ ഫുട്‌ബോള്‍ ലോട്ടിങ് സമ്പ്രദായത്തോട് സാമ്യമുള്ളതായിരുന്നു. ടൂര്‍ണമെന്റിന്റെ ട്രോഫി ബേബി നീലാംബ്ര അനാവരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version