കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തിന് പിന്നാലെ തലച്ചോറിൽ രക്തസ്രാവമുണ്ടായത് തിരിച്ചടിയായി. ചികിത്സ തുടരവേ അല്പസമയം മുൻപായിരുന്നു മരണം.
കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ. സ്നേഹത്തിന്റെ കോഴിക്കോടൻ ഭാഷ സംസാരിച്ച, നന്മനിറഞ്ഞ കലാകാരൻ.
കോഴിക്കോട് പള്ളിക്കണ്ടിയിൽ മമ്മദിൻറെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിനായിരുന്നു ജനനം. സുഹ്റയാണ് ഭാര്യ. മക്കൾ: മുഹമ്മദ് നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.