ഷാര്‍ജ: എമിറേറ്റില്‍ ട്രക്ക് മറിഞ്ഞ് അപകടമുണ്ടായതിനെ തുടര്‍ന്ന് പ്രധാന റോഡ് അടച്ചതായി ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജ റിംഗ് റോഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയ( 17)യില്‍ നിന്ന് നഗരത്തിലേക്കുള്ള റോഡാണ് ഭാഗികമായി അടച്ചിരിക്കുന്നത്. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഷാര്‍ജ പൊലീസ് വിവരം പങ്കുവെച്ചത്.
അപകടത്തെ തുടര്‍ന്ന് ഗതാഗത സംവിധാനം തടസപ്പെട്ടു. വാഹനമോടിക്കുന്നവർ ബദൽ റൂട്ട് ഉപയോഗിക്കണമെന്ന് പൊലീസ് നിർദേശം നൽകി. അതുവഴി വന്ന വാഹനങ്ങള്‍ മലീഹ റോഡ് വഴി തിരിച്ചുവിടുകയും ചെയ്തു. ഗതാഗത തടസം വേഗത്തില്‍ പുനഃസ്ഥാപിക്കുമെന്നും റോഡില്‍ നിന്ന് മറിഞ്ഞ ട്രക്ക് മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും പൊലീസ് അറിയിച്ചു.
അതേസമയം അബുദബിയിലും പ്രധാന റോഡായ ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ജനുവരി 15 (തിങ്കളാഴ്ച) വരെയാണ് റോഡ് അടിച്ചിടുന്നത്. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.