അബുദാബി: അസ്ഥിര കാലാവസ്ഥ തുടരുന്ന അറേബ്യന്‍ ഗള്‍ഫില്‍ ഇന്ന് മേഘാവൃതം ക്രമാനുഗതമായി വര്‍ധിക്കുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അബുദാബിയിലും അല്‍ ഐനിലെ ചില പ്രദേശങ്ങളിലും ഇന്ന് ഇടയ്ക്കിടെ നേരിയതോ മിതമായതോ ആയ മഴയുണ്ടാവും. ഈ രണ്ട് പ്രവിശ്യകള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ തിങ്കളാഴ്ചയും മഴ പ്രതീക്ഷിക്കുന്നു.
വടക്കന്‍, കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് രാവിലെ മുതല്‍ ഉച്ചവരെ മഴമേഘങ്ങള്‍ രൂപപ്പെടുകയും ക്രമാനുഗതമായി വര്‍ധിച്ച് തീരപ്രദേശങ്ങളിലേക്കും ദ്വീപുകളിലേക്കും ഇത് വ്യാപിക്കുകയും വൈകുന്നേരത്തോടെ മഴ വര്‍ഷിക്കുകയും ചെയ്യും. ഇന്ന് പുലര്‍ച്ചെ ആകാശം ഭാഗികമായി മേഘാവൃതമായിരുന്നു.
വൈകുന്നേരത്തോടെ മേഘങ്ങള്‍ വടക്കന്‍, കിഴക്കന്‍ മേഖലകളിലേക്കും ചില ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും മാറും. പ്രത്യേകിച്ച് ചില വടക്കന്‍ പ്രദേശങ്ങളില്‍ ഇത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് കാരണമാവുമെന്നും അറിയിപ്പില്‍ പറയുന്നു. രാത്രിയാകുമ്പോള്‍, സജീവമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളെ സ്വാധീനിക്കാന്‍ തുടങ്ങും. ഇത് പടിഞ്ഞാറ് കടലിനെ പ്രക്ഷുബ്ധമാക്കും.
ഇന്ന് രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലുടനീളം നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പൊടിക്കാറ്റ് ഉണ്ടാവും. തിങ്കളാഴ്ച രാവിലെയോടെ അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമായും ഒമാന്‍ കടലില്‍ ഇടയ്ക്കിടെ പ്രക്ഷുബ്ധമായും മാറും. അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലുടനീളം തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.