പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ഒരു കല്യാണവുമായി ബന്ധപ്പെട്ടുള്ള ചിരി മുഹൂർത്തങ്ങളാകും സിനിമ പറയുക എന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ. പൃഥ്വിരാജ്, ബേസിൽ, അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി പി കുഞ്ഞികൃഷ്ണൻ എന്നിവരെയും പോസ്റ്ററിൽ കാണാം.
ബേസിൽ ജോസഫ് ഉൾപ്പടെയുള്ളവർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘എ ഫാമിലി വെഡ്‌ഡിങ് എന്റർടെയ്നർ’ എന്ന കുറിപ്പോടെയാണ് ബേസിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ.
കഴിഞ്ഞ വർഷമാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. ബേസിൽ ജോസഫ് നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായി എത്തുന്നു എന്നാണ് റിപ്പോർട്ട്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് ഇത്.
കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.