മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ആദ്യമായാണ് മനീഷ് പാണ്ഡെ കളത്തിലിറങ്ങുന്നത്. മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത തകർന്നടിഞ്ഞപ്പോൾ ഒരു ഇംപാക്ട് താരമായി പാണ്ഡെ ക്രീസിലെത്തി. കൊൽക്കത്തയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ച ശേഷമാണ് താരം മടങ്ങിയത്. ജസ്പ്രീത് ബുംറയെ അപ്പർകട്ട് ചെയ്ത് നേടിയ സിക്സ് ആരാധകരുടെ മനസിൽ ഇടം പിടിച്ചുകഴിഞ്ഞു. എന്നാൽ കഴിവിന് അനുസരിച്ച് കരിയറിൽ ഉയരാൻ കഴിയാത്ത താരമാണ് പാണ്ഡെയെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.
ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ഓർമ്മയാണ് പാണ്ഡ്യയെ അടയാളപ്പെടുത്തുന്നത്. കർണാടകക്കാരനായ ഈ താരത്തെ ഭാവിയിൽ ഇന്ത്യൻ ജഴ്സിയിൽ കാണാൻ കഴിയുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. 2015 നീല കുപ്പായത്തിൽ അരങ്ങേറി. തൊട്ടടുത്ത വർഷം ഓസ്ട്രേലിയയ്ക്കെതിരെ 330 റൺസ് പിന്തുടർന്ന് വിജയിക്കാൻ ഇന്ത്യയ്ക്ക് സഹായമായത് പാണ്ഡെയുടെ സെഞ്ച്വറിയായിരുന്നു. എന്നാൽ പരിമിതമായ അവസരങ്ങളിൽ താരം ഒതുങ്ങിപ്പോയി.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ലഖ്നൗ സൂപ്പർ ജയന്റ്സ് തുടങ്ങിയ ടീമുകളിൽ പാണ്ഡെ കളിച്ചു. എന്നാൽ സ്കോറിംഗിന് വേഗത കുറഞ്ഞത് പലപ്പോഴും വിമർശിക്കപ്പെട്ടു. ഏകദിന ശൈലിയിലാണ് താരത്തിന്റെ ബാറ്റിംഗെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തി. ആക്രമണോത്സുകതയില്ലാത്ത ബാറ്റർമാരെ ഒഴിവാക്കുന്ന ബിസിസിഐ നയം മനീഷ് പാണ്ഡെയ്ക്ക് തിരിച്ചടിയായി. യുവതാരങ്ങളാൽ നിറഞ്ഞ ഇന്ത്യൻ ടീമിലേക്ക് മനീഷ് പാണ്ഡെയ്ക്ക് ഇനി അവസരം ഉണ്ടാകില്ലെന്നാണ് ആരാധകർ കരുതുന്നത്.