മക്ക: ആഭ്യന്തര, വിദേശ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ഹജ്ജ് സേവന ദാതാക്കള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സൗദി അറേബ്യ നിയമാവലി പരിഷ്‌കരിക്കുന്നു. ഇതിനായി രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഹജ്ജ് സേവന കമ്പനികള്‍ക്കുള്ള പുതുക്കിയ നിയമാവലിയുടെ കരട് രൂപം പുറത്തിറക്കി. ഹജ്ജ്, ഉംറ മന്ത്രാലയം തയ്യാറാക്കിയ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരും.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ബാധകമായ നിയമങ്ങളാണ് ഇവ എന്ന പ്രത്യേകതയുമുണ്ട്. കരട് നിയമത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാന്‍ ഹജ്ജ്, ഉംറ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമത്തിലെ വ്യവസ്ഥകളെ കുറിച്ച് ഇസ്തിത്‌ലാ പ്ലാറ്റ്‌ഫോം വഴി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഇതു കൂടി പരിഗണിച്ചാണ് നിയമം തയ്യാറാക്കുക.
മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ ഹജ്ജ് സേവനം നടത്തിയാല്‍ ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ പിഴ ചുമത്താന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാവും. വിദേശിയാണെങ്കില്‍ നാടുകടത്തും. നിയമലംഘനം നടത്തിയ കമ്പനിയെ കുറിച്ച് പൊതുജനങ്ങളെ അറിയിക്കാന്‍ പ്രദേശിക മാധ്യമങ്ങളിലോ മന്ത്രാലയം നിര്‍ദേശിക്കുന്ന മറ്റ് മീഡിയകളിലോ പരസ്യം നല്‍കുകയും ചെയ്യും. ഇതിനുള്ള ചെലവ് നിയമലംഘകരില്‍ നിന്ന് ഈടാക്കും.
സൗദിയില്‍ നിന്നും പുറത്തുനിന്നും വരുന്ന തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവന മാനദണ്ഡങ്ങള്‍ ഏകീകരിക്കുകയാണ് നിയമം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് സേവന പ്രവര്‍ത്തനം നിയന്ത്രിക്കുക, ഹജ്ജ് കരാറിന്റെ സുതാര്യത വര്‍ധിപ്പിക്കുക, ഹജ്ജ് സേവന കമ്പനികള്‍ക്കിടയില്‍ ആരോഗ്യകമായ മല്‍സരം സൃഷ്ടിക്കുക എന്നിവയും ലക്ഷ്യങ്ങളില്‍ പെടുന്നു.
ഹജ്ജ് സേവന കമ്പനികള്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സേവനം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിക്കും. ഇത്തരം ഘട്ടത്തില്‍ സേവനം നല്‍കാന്‍ മറ്റൊരു കമ്പനിയെ ഏല്‍പ്പിക്കും. ഇതിന്റെ ചെലവ് പഴയ കമ്പനിയില്‍ നിന്ന് ഈടാക്കുകയും ചെയ്യും. അടിസ്ഥാന ജോലികള്‍ നിര്‍വഹിക്കാന്‍ മന്ത്രാലയത്തിന് പ്രത്യേക കമ്പനികളെയോ സാങ്കേതിക ഏജന്‍സികളെയോ ആശ്രയിക്കുന്നത് അനുവദനീയമാണ്. ഇതിനായി ഹജ്ജ് മന്ത്രിയുടെ അംഗീകാരത്തോടെ ഒന്നോ അതിലധികമോ കമ്മിറ്റികള്‍ രൂപീകരിക്കാം. കമ്മിറ്റിയില്‍ കുറഞ്ഞത് മൂന്ന് യോഗ്യരായ അംഗങ്ങള്‍ ഉണ്ടായിരിക്കും. അവരില്‍ ഒരാള്‍ ചെയര്‍മാനായിരിക്കും. ഓരോ കമ്മിറ്റിക്കും ഒരു ജനറല്‍ സെക്രട്ടേറിയറ്റ് ഉണ്ടായിരിക്കും.