അബുദാബി: രാജ്യത്തെ ഹെവി വാഹനങ്ങളുടെ ഭാരവും അളവുകളും നിയന്ത്രിക്കാനുള്ള നീക്കം യുഎഇ മാറ്റിവച്ചു. ഇത് സംബന്ധിച്ച പ്രമേയം നടപ്പാക്കുന്നത് മാറ്റിവയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നത് സംബന്ധിച്ചും പ്രായോഗികത സംബന്ധിച്ചും വിശദമായ പഠനം നടത്താന്‍ മന്ത്രിസഭ ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തോട് നിര്‍ദേശിച്ചു.
നിയന്ത്രണം ഏതെങ്കിലും ചരക്കുകളുടെയോ സേവനങ്ങളുടെയോ വിലയില്‍ അന്യായമായ വര്‍ധനവ് ഉണ്ടാക്കുമോയെന്ന് പരിശോധിക്കണം. അങ്ങനെ വന്നാല്‍ തടയുന്നതിനുള്ള സുപ്രധാന നടപടികള്‍ പഠിക്കുന്നതിനും നടപ്പിലാക്കുന്നതിനും എല്ലാ സാമ്പത്തിക സ്ഥാപനങ്ങളുമായും സഹകരിച്ച് വിശദമായ റിപോര്‍ട്ട് തയ്യാറാക്കാന്‍ സാമ്പത്തിക മന്ത്രാലയത്തോടും മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഹെവി വാഹനങ്ങളുടെ ഭാരവും അളവുകളും നിയന്ത്രിക്കുന്ന ഒരു ഫെഡറല്‍ നിയമത്തിന് യുഎഇ കാബിനറ്റ് അംഗീകാരം നല്‍കിയത്. 65 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ നിരത്തുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ ഇത് വ്യവസ്ഥ ചെയ്യുന്നു. 2023ലെ 12ാം നമ്പര്‍ ഫെഡറല്‍ ഉത്തരവ് നടപ്പാക്കുന്നതിന് കാബിനറ്റ് പ്രമേയം നമ്പര്‍ 13/2023 പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് രാജ്യത്ത് 24 സ്മാര്‍ട്ട് ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിച്ച ശേഷം 2024 ആദ്യ പാദത്തില്‍ തീരുമാനം നടപ്പാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. 2023 സെപ്റ്റംബര്‍ 13ന് അബുദാബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്‌റൂയി ആണ് പ്രഖ്യാപനം നടത്തിയത്.
ഉത്തരവ് നടപ്പാക്കുന്നതിന്റെ തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നില്ല. 2024 ഒന്നാംപാദത്തില്‍ നടപ്പാക്കാനായിരുന്നു തീരുമാനം. ഇനുസരിച്ച്, ഹെവി വാഹനങ്ങള്‍ക്ക് പരമാവധി അനുവദനീയമായ മൊത്ത ഭാരം ആക്‌സിലുകളുടെ എണ്ണം അനുസരിച്ച് വ്യത്യാസപ്പെടുന്നു. രണ്ട് ആക്സിലുകളുള്ള ഭാരവാഹനങ്ങള്‍ക്ക് പരമാവധി മൊത്ത ഭാരം 21 ടണ്‍ ആണ്. മൂന്ന് ആക്സിലുകള്‍ക്ക് 34 ടണ്‍, നാല് ആക്സിലുകള്‍ക്ക് 45 ടണ്‍, അഞ്ച് ആക്സിലുകള്‍ക്ക് 56 ടണ്‍, ആറ് ആക്സിലുകള്‍ക്ക് 65 ടണ്‍ എന്നിങ്ങനെ ആയിരുന്നു വ്യവസ്ഥ. മിലിട്ടറി, പോലീസ്, സിവില്‍ ഡിഫന്‍സ് തുടങ്ങി സുരക്ഷാ അധികാരികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളെ പ്രമേയത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പരമാവധി മൊത്ത ഭാരത്തില്‍ നിന്ന് 10 ശതമാനം വരെ കൂടിയാല്‍ ഓരോ ടണ്ണിനും 400 ദിര്‍ഹം പിഴ ചുമത്താനും തീരുമാനിച്ചിരുന്നു. 10 മുതല്‍ 20 ശതമാനം വരെ ഭാരം കൂടുതലാണെങ്കില്‍ ഓരോ ടണ്ണിനും പിഴ 500 ദിര്‍ഹമായിരിക്കും. 20 ശതമാനത്തിലധികം കൂടുതലാണെങ്കില്‍ ഓരോ ടണ്ണിനും 600 ദിര്‍ഹം എന്ന നിലയിലും പരമാവധി പിഴ 15,000 ദിര്‍ഹമായും നിശ്ചയിച്ചിരുന്നു.