കൊൽക്കത്ത മെട്രോയുടെ പുതിയ വ്യാപന പദ്ധതികൾ പൂർത്തിയാകുമ്പോൾ ട്രാക്കുകളിൽ ഓടാനെത്തുക ഫ്യൂച്ചറിസ്റ്റിക് എന്ന് അക്ഷരംതെറ്റാതെ വിളിക്കാൻ കഴിയുന്ന ട്രെയിൻസെറ്റുകളായിരിക്കും. 6000 കോടി രൂപയാണ് പുതിയ 85 ട്രെയിൻസെറ്റുകൾക്കായി കൊൽക്കത്ത മെട്രോ ചെലവാക്കുക.
ഈ ട്രെയിൻസെറ്റുകളുടെ നിർമ്മാണം ഇന്ത്യയിൽത്തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് നിർമ്മാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.
സവിശേഷമായ ഒരു ഡിസൈനാണ് പുതിയ ട്രെയിൻസെറ്റുകൾക്ക് നൽകുകയെന്ന് അറിയുന്നു. ട്രെയിനിന്റെ മുൻഭാഗം കൂർത്ത നിലയിലായിരിക്കും (nose cone) ഡിസൈൻ ചെയ്യുക. ബംഗാളിന്റെ ടെറാക്കോട്ട ശിൽപ്പ പാരമ്പര്യം ഡിസൈനിൽ പ്രതിഫലിക്കും. രാജ്യത്തെ ഏറ്റവും പഴക്കമേറിയ മെട്രോ സർവ്വീസാണ് കൊൽക്കത്തയിലേത്. ഈ പാരമ്പര്യത്തെയും വിളിച്ചോതാൻ പുതിയ ഡിസൈനിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊൽക്കത്ത മെട്രോയെ എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന ആറാം ലൈനിന്റെ (Orange Line) നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള യാത്രക്കാർക്ക് ലഗ്ഗേജ് സൂക്ഷിക്കാനും അതിനടുത്ത് ഇരിക്കാനും സാധിക്കുന്ന തരത്തിൽ സീറ്റിങ് അറേഞ്ച്മെന്റ്സ് ഉണ്ടായിരിക്കും. സ്റ്റാൻഡിങ് സീറ്റുകളാണ് സജ്ജീകരിക്കുക. ഈ സീറ്റുകൾക്ക് താഴെയായി ലഗ്ഗേജ് സൂക്ഷിക്കാൻ താരതമ്യേന കൂടുതൽ സൗകര്യമുണ്ടാകും.
വഴുതൽ തടയുന്ന ആന്റി-സ്കിഡ് ഫ്ലോറിങ്ങാണ് മെട്രോ റേക്കുകൾക്കുണ്ടായിരിക്കുക.
നഗരപ്രാന്തങ്ങളുമായി കൊൽക്കത്ത മെട്രോയെ ബന്ധിപ്പിക്കുന്ന പ്രവൃത്തികളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകളായി കാര്യമായി അനക്കമില്ലാതെ കിടന്നിരുന്ന മെട്രോ വികസനത്തിന് ഈയിടെയാണ് അനക്കംവെച്ചത്. പുതിയ ഡിസൈനിലുള്ള റേക്കുകൾ 2026ൽ ട്രാക്കിലിറങ്ങുമെന്നാണ് വിവരം.