ദുബായ്: 1999ല്‍ ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) നറുക്കെടുപ്പ് ആരംഭിച്ചപ്പോള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസുകളൊന്നും ഉണ്ടായിരുന്നില്ല. ടിക്കറ്റ് വാങ്ങാന്‍ ക്ഷമയോടെ ക്യൂനിന്നവരില്‍ പ്രവാസി ഇന്ത്യക്കാരനായ മുംബൈ സ്വദേശി ഗൗഡ അശോക് ഗോപാലും ഉണ്ടായിരുന്നു. തൊട്ടുമുമ്പില്‍ നിന്നയാളായിരുന്നു ആദ്യ നറുക്കെടുപ്പിലെ വിജയി. പ്രവാസം അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും ക്ഷമയോടെ ടിക്കറ്റെടുക്കുന്നത് തുടര്‍ന്ന ഗോപാല്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഡിഡിഎഫിലൂടെ കോടീശ്വരനായി മാറിയിരിക്കുകയാണ്.
ജനുവരി 3 ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലാണ് 59 കാരനായ ഗോപാല്‍ ഒരു മില്യണ്‍ ഡോളര്‍ (8,33,07,000 രൂപ) നേടിയത്. 15 വര്‍ഷത്തെ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇദ്ദേഹം പങ്കെടുത്തു. മില്ലേനിയം മില്യണയര്‍ ഷോ ആരംഭിച്ച ശേഷം 10 ലക്ഷം ഡോളര്‍ നേടുന്ന 222ാമത്തെ ഇന്ത്യക്കാരനാണ് ഗോപാല്‍.
മില്ലേനിയം മില്യണയര്‍ സീരീസിലെ 446ാമത് നറുക്കെടുപ്പാണ് ബുധനാഴ്ച നടന്നത്. കഴിഞ്ഞ ഡിസംബര്‍ 29ന് ഡിഡിഎഫ് 40ാം വാര്‍ഷിക വേളയില്‍ ഓണ്‍ലൈനില്‍ വാങ്ങിയ ടിക്കറ്റ് നമ്പര്‍ 3082ലൂടെയാണ് ഗോപാല്‍ സ്വപ്‌നനേട്ടം കൈവരിച്ചത്. ഇപ്പോള്‍ മുംബൈയിലെ ഒരു ഇലക്ട്രോണിക് സൊല്യൂഷന്‍ കമ്പനിയില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് തലവനായി ജോലി ചെയ്യുകയാണിദ്ദേഹം.
ദുബായ് ഡ്യൂട്ടി ഫ്രീ നിരവധി കോടീശ്വരന്മാരെയാണ് സൃഷ്ടിച്ചതെന്നും അവരില്‍ ഒരാളായതില്‍ അതീവ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എങ്ങനെ വിനിയോഗിക്കുമെന്ന ചോദ്യത്തിന് ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അതില്‍ ഉള്‍പ്പെടുന്നുവെന്ന് ഗോപാല്‍ മറുപടി നല്‍കി.
എത്യോപ്യന്‍ പൗരനായ ഹന്നാന്‍ മുഹമ്മദ് അബ്ദുറഹ്‌മാനാണ് കഴിഞ്ഞ തവണത്തെ വിജയി. 2023 ഡിസംബര്‍ 18ന് ഓണ്‍ലൈനില്‍ വാങ്ങിയ ടിക്കറ്റ് നമ്പര്‍ 3386 ലൂടെ മില്ലേനിയം മില്യണയര്‍ സീരീസ് 445ല്‍ ഹന്നാന്‍ 10 ലക്ഷം ഡോളര്‍ വിജയിയായി.
കഴിഞ്ഞയാഴ്ച അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി ഇന്ത്യക്കാരന്‍ മുനവര്‍ ഫൈറൂസ് 45 കോടിയിലേറെ ഇന്ത്യന്‍ രൂപയുടെ കാഷ് പ്രൈസ് നേടിയിരുന്നു. മുനവര്‍ 30 പേരുടെ ഗ്രൂപ്പ് ഉണ്ടാക്കിയാണ് ടിക്കറ്റ് എടുത്തിരുന്നത്. യുഎഇ അധികൃതരുടെ നിര്‍ദേശ പ്രകാരം ദുബായ് മഹ്‌സൂസ്, അബുദാബി എമിറേറ്റ്‌സ് ഡ്രോ ഗെയിമുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നിലവിലുള്ള വിജയികള്‍ക്ക് സമ്മാനം നല്‍കുന്നത് തുടരും.