Gulf

നാലാമത് റിയാദ് സീസണ്‍ ഒക്ടോബര്‍ 28 ശനിയാഴ്ച മുതല്‍

Published

on

റിയാദ്: നാലാമത് റിയാദ് സീസണ്‍ പരിപാടിയുടെ തീയതികള്‍ സൗദി അറേബ്യയുടെ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28 ശനിയാഴ്ചയാണ് റിയാദ് സീസണിന്റെ നാലാം പതിപ്പിന് തുടക്കമാവുകെയന്ന് ജിഇഎ ചെയര്‍മാന്‍ തുര്‍ക്കി അലല്‍ഷിഖ് അറിയിച്ചു.

‘ബിഗ് ടൈം’ എന്നതാണ് മേളയുടെ മുദ്രാവാക്യം. ഈ വര്‍ഷത്തെ റിയാദ് സീസണിന്റെ പ്രൊമോഷണല്‍ വീഡിയോ ചെയര്‍മാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റ് ചെയ്യുകയും ചെയ്തു. സന്ദര്‍ശകര്‍ക്ക് ഒരുക്കിയ സ്‌പോര്‍ട്‌സ്, സംഗീതം, ഗെയിമിങ്, ഫിലിം എന്റര്‍ടൈന്‍മെന്റ് അനുഭവങ്ങളുടെ ശ്രേണി അദ്ദേഹം വീഡിയോയില്‍ വിശദമാക്കുന്നു.

ഏഴ് ദശലക്ഷം ചതുരശ്ര മീറ്ററിലാണ് നഗരി ഒരുങ്ങുന്നത്. ഏകദേശം 2,000 പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളുടെ സാന്നിധ്യമുണ്ടാവും. ഉല്‍പന്നങ്ങളും സേവനങ്ങളും ജനങ്ങളിലെത്തിക്കാനും വില്‍ക്കാനും അവസരമുണ്ടാവും. രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും റിയാദ് സീസണ്‍ 2023 ലക്ഷ്യമിടുന്നു.

ലോകത്തിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം മുപ്പതിലധികം അന്താരാഷ്ട്ര ഷോകളും സംഗീതകച്ചേരികളും അരങ്ങേറും. കൂടാതെ നാലാമത് ജോയ് അവാര്‍ഡുകളും വിതരണം ചെയ്യും.

ടൈസണ്‍ ഫ്യൂറിയും ഫ്രാന്‍സിസ് നഗന്നൂവും തമ്മില്‍ ഒക്ടോബര്‍ 28 ന് നടക്കുന്ന റെസ്‌ലിങ് മല്‍സരമാണ് ഈ വര്‍ഷത്തെ റിയാദ് സീസണിലെ മറ്റൊരു പ്രത്യേകത. ‘ബാറ്റില്‍ ഓഫ് ദ ബാഡസ്റ്റ്’ എന്ന പേരിലാണ് മല്‍സരം സംഘടിപ്പിക്കുന്നത്.

ഡിസ്‌നി കാസില്‍ ആദ്യമായി മിഡില്‍ ഈസ്റ്റില്‍ അവതരിപ്പിക്കുന്ന വേദികൂടിയായി റിയാദ് സീസണ്‍ മാറും. 2019 ലാണ് റിയാദ് സീസണ്‍ ആരംഭിച്ചത്. ഇതുവരെ പത്ത് ദശലക്ഷത്തിലധികം പേര്‍ സന്ദര്‍ശിച്ചതോടെ പരിപാടി വന്‍ വിജയമായി മാറി.

ഇതിനിടെ, വേള്‍ഡ് എക്‌സ്‌പോ 2030 റിയാദിലേക്ക് കൊണ്ടുവരാനുള്ള നീക്കം സൗദി ഊര്‍ജിതമാക്കിയിട്ടുണ്ട്. ദുബായിയുടെ മാതൃകയില്‍ ടൂറിസം, എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ വിപ്ലകരമായ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുകയാണ് സൗദി. എക്‌സ്‌പോ 2030 ന്റെ ആതിഥേയരെ നവംബറിലാണ് തീരുമാനിക്കുക. ബുസാന്‍, ദക്ഷിണ കൊറിയ, റോം, ഉക്രെയ്‌നിലെ ഒഡെസ എന്നിവരാണ് മത്സരരംഗത്തുള്ളത്.

അനുമതി ലഭിച്ചാല്‍ 2030 ഒക്‌ടോബര്‍ 1 മുതല്‍ 2031 മാര്‍ച്ച് 31 വരെ റിയാദില്‍ വേള്‍ഡ് എക്‌സ്‌പോ നടത്താനാണ് തയ്യാറെടുക്കുന്നത്. ‘മാറ്റത്തിന്റെ യുഗം: ദീര്‍ഘവീക്ഷണമുള്ള നാളെയ്ക്കായി ഒരുമിച്ച്’ എന്നതാണ് മേളയുടെ മുദ്രാവാക്യം. ഏഴ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 220ലധികം രാജ്യങ്ങളില്‍ നിന്നുള്ള പവലിയനുകള്‍ ഒരുങ്ങും. ‘റിയാദ് തയ്യാറാണ്’ എന്ന തലക്കെട്ടില്‍ പ്രൊമോഷണല്‍ വീഡിയോയും പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version