U.A.E

42ാമത് ഷാര്‍ജ ബുക്ക് ഫെയര്‍ നവംബര്‍ ഒന്നുമുതല്‍; ദക്ഷിണ കൊറിയ വിശിഷ്ടാതിഥി

Published

on

അബുദാബി: 42ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ (എസ്‌ഐബിഎഫ്) വരുന്ന നവംബര്‍ ഒന്ന് ബുധനാഴ്ച ആരംഭിക്കും. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ 12 ഞായറാഴ്ച വരെയാണ് ലോകപ്രശസ്ത പുസ്തകമേള നടക്കുക. റിപ്പബ്ലിക് ഓഫ് സൗത്ത് കൊറിയ ആയിരിക്കും ഈ വര്‍ഷത്തെ വിശിഷ്ടാതിഥിയെന്നും എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി (വാം) റിപ്പോര്‍ട്ട് ചെയ്തു.

പകര്‍പ്പവകാശം വാങ്ങുന്നതിലും വില്‍ക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍. കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ 95 രാജ്യങ്ങളില്‍ നിന്നുള്ള 2,213ലധികം പ്രസാധകര്‍ പങ്കെടുത്തിരുന്നു. 57 രാജ്യങ്ങളില്‍ നിന്നുള്ള 150 എഴുത്തുകാരും ചിന്തകരും സംബന്ധിച്ചു.

ഈ വര്‍ഷത്തെ വിശിഷ്ടാതിഥിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മേളയിലെത്തുന്നവര്‍ക്ക് ദക്ഷിണ കൊറിയയുടെ ചരിത്രം, നാഗരികത, കലകള്‍ എന്നിവയെക്കുറിച്ച് പഠിക്കാനുള്ള അവസരം ലഭിക്കും. യുവാക്കള്‍ക്കിടയില്‍ ജനപ്രിയമായ കൊറിയന്‍ സംസ്‌കാരത്തിന്റെ വൈവിധ്യവും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന പവലിയനുകള്‍ സജ്ജമാക്കാനും സമ്പന്നമായ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും കൊറിയക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊറിയന്‍ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സമ്പന്നത ആഘോഷിക്കാന്‍ ഷാര്‍ജയിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയിലെ അതിഥിരാഷ്ട്രമായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ സാധിക്കും. ദക്ഷിണ കൊറിയയില്‍ നിന്നുള്ള നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രമുഖരും അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കിടും. കഴിഞ്ഞ ജൂണില്‍ സിയോള്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ 65ാമത് എഡിഷനില്‍ ദക്ഷിണ കൊറിയ ഷാര്‍ജയെ തങ്ങളുടെ അതിഥിയായി പങ്കെടുപ്പിച്ചിരുന്നു.

ആഗോള സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജ എമിറേറ്റ് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയാണെന്ന് ഷാര്‍ജ ലിറ്ററേച്ചര്‍ അതോറിറ്റി ചെയര്‍വുമണ്‍ ഷെയ്ഖ ബോദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. എസ്‌ഐബിഎഫ് പോലുള്ള എമിറേറ്റിന്റെ സാംസ്‌കാരിക പ്ലാറ്റ്‌ഫോമുകള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നു. ആഗോള സംസ്‌കാരത്തെ സമ്പന്നമാക്കുന്നതിലും പുസ്തകമേള വലിയ പങ്കുവഹിക്കുന്നു. മാതൃകാപരമായ അറബ് നേട്ടമായി മേള മാറിക്കഴിഞ്ഞു. സമൂഹത്തിന്റെ വിശാലമായ വിഭാഗങ്ങളിലേക്ക് എത്തിച്ചേരാന്‍ ഇത് ജനങ്ങളെ പ്രാപ്തമാക്കുന്നുവെന്നും ഷെയ്ഖ ബോദൂര്‍ അഭിപ്രായപ്പെട്ടു.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക പരിപാടികളിലൊന്നായി മേള മാറിക്കഴിഞ്ഞു. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് പുസ്തക-സാംസ്‌കാരിക പ്രേമികളാണ് മേളയില്‍ പങ്കെടുക്കുന്നത്. പ്രസാധകരും രചയിതാക്കളും തമ്മില്‍ പ്രസിദ്ധീകരണ അവകാശങ്ങള്‍ വാങ്ങാനും വില്‍ക്കാനും സൗകര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version