Gulf

വന്‍ നഗരങ്ങളില്‍ 10 കി.മീ സഞ്ചരിക്കാന്‍ 21 മിനിറ്റ്; ദുബായില്‍ വെറും 12!

Published

on

ദുബായ്: അത്യന്താധുനിക സൗകര്യങ്ങള്‍ക്കും ആഡംബര ജീവിതത്തിനും മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങള്‍ക്കും പേരുകേട്ട ദുബായ് നഗരത്തിന് തിലകക്കുറിയായി മറ്റൊരു വാര്‍ത്ത കൂടി. ഗതാഗതം ഏറ്റവും സുഗമമുള്ള ലോക നഗരങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് ദുബായ്. ടോംടോം നടത്തിയ 2022 ഗതാഗാത സൂചിക റിപ്പോര്‍ട്ടിലാണ് നഗരം ഈ നേട്ടം അലങ്കരിച്ചത്.

ദുബായിലെ ഏറ്റവും തിരക്കേറിയ നഗര ഹൃദയങ്ങളില്‍ 10 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ വെറും 12 മിനിറ്റ് മതിയെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ലോകത്തെ പ്രധാന നഗരങ്ങളില്‍ ശരാശരി 21 മിനിറ്റ് വേണമെന്നിരിക്കെയാണ് ദുബായ് ബഹുദൂരം മുന്നിലെത്തിയത്. 56 രാജ്യങ്ങളിലെ 390 നഗരങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ലോസ്ഏഞ്ചല്‍സ്, മോണ്‍ട്രിയോള്‍, സിഡ്‌നി, ബെര്‍ലിന്‍, റോം, മിലന്‍ എന്നീ നഗരങ്ങള്‍ക്കൊപ്പമാണ് ദുബായുടെ സ്ഥാനം. അതേസമയം, നെതര്‍ലന്‍ഡ്‌സിലെ അല്‍മേറെ നഗരമാണ് ഗതാഗാത സൂചിക റിപ്പോര്‍ട്ടില്‍ ഒന്നാസ്ഥാനം നേടിയത്. കേവലം എട്ട് മിനിറ്റ് കൊണ്ട് ഈ നഗരത്തിലെ 10 കിലോ മീറ്റര്‍ സഞ്ചരിക്കാനാവും.

പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് ലണ്ടന്‍ നഗരമാണ്. ലണ്ടനില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 36 മിനിറ്റ് വേണം. ദുബായിലെ നഗരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 59 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാല്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഒമ്പത് മിനിറ്റ് മതിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുബായിലെ പ്രധാന പാത 12 വരിയാണ്. നഗരത്തിലെ റോഡുകളുടെ ആകെ നീളം 18,475 കിലോമീറ്ററാണ്. 90 കി.മീ നീളമുള്ള മെട്രോയും 11 കി.മീ ട്രാമും നഗരഗതാഗതം സുഗമമാക്കുന്നു. കാല്‍നടയാത്രക്കാര്‍ക്ക് അടിപ്പാതകള്‍ ഉള്ളതിനാലാണ് ഈ നഗരപാതയില്‍ വാഹനങ്ങള്‍ക്ക് വേഗത്തില്‍ സഞ്ചരിക്കാനാവുന്നത്. സൈക്കിള്‍ സവാരിക്കുള്ള റോഡുകളുമുണ്ട്.

പൊതുഗതാഗതം വികസിപ്പിച്ച് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും അതുവഴി വാഹനത്തിരക്കും മലിനീകരണവും കുറയ്ക്കാനും ശ്രമങ്ങള്‍ നടത്തിവരിയാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ).

അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ വിപ്ലവകരമായ വികസനം വിഭാവനം ചെയ്യുന്ന പുതിയ നഗരാസൂത്രണ നിയമം ദുബായ് അടുത്തിടെ ആവിഷ്‌കരിച്ചിരുന്നു. ദുബായ്-2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ എന്ന പേരില്‍ നിക്ഷേപവും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്. സുസ്ഥിരമായ കെട്ടിടങ്ങള്‍, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കല്‍ എന്നിവയ്ക്കായിരിക്കും ഭാവിയില്‍ നിയമനിര്‍മാണത്തില്‍ പ്രധാന ഊന്നല്‍ നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version