റിയാദ്: 2034ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെയായിരിക്കും അരങ്ങേറുകയെന്ന് സൂചന. ആതിഥേയത്വത്തിനുള്ള സന്നദ്ധത പരസ്യമായി അറിയിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വേദി ലഭിക്കുമെന്ന വ്യക്തമായ സൂചനയായും വിലയിരുത്തപ്പെടുന്നു.
2018 ലെ റഷ്യയിലെ ലോകകപ്പ് മുതല്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും സല്‍മാന്‍ രാജകുമാരനും തമ്മിലും ഊഷ്മള ബന്ധവും സൗദിക്ക് തുണയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖത്തറും സൗദിയും തമ്മില്‍ ബന്ധം വഷളായ കാലത്ത് പോലും 2022ലെ ലോകകപ്പിലെ ചില മത്സരങ്ങള്‍ സൗദിയില്‍ നടത്താന്‍ ഫിഫ ശ്രമം നടത്തിയിരുന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
2034ലെ ലോകകപ്പ് ആതിഥേയത്വത്തിന് അവകാശികള്‍ ഏഷ്യയും ഓഷ്യാനയുമാണ്. ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ സൗദി മാത്രമാണ് രംഗത്തുവരികയെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വേദിക്കായുള്ള താല്‍പര്യം അറിയിച്ച് പൂര്‍ണമായ കരാര്‍ നവംബര്‍ 30 നകം സമര്‍പ്പിക്കേണ്ടതുണ്ട്. ഇതുവരെ ആരും അവകാശവാദം ഉന്നയിച്ചിട്ടുമില്ല. 47 രാജ്യങ്ങള്‍ അംഗങ്ങളായ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി) പൂര്‍ണ പിന്തുണയും സൗദിക്കുണ്ട്. ഏഷ്യയിലെ ഫുട്‌ബോള്‍ സമൂഹം ഒറ്റക്കെട്ടായി സൗദിയുടെ ലോകകപ്പ് ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് എഎഫ്‌സി പ്രസിഡന്റും ബഹ്‌റൈന്‍ രാജകുടുംബാംഗവുമായ ശെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം ആല്‍ ഖലീഫ പ്രഖ്യാപിക്കുകയുമുണ്ടായി.
ഏഷ്യയും ഓഷ്യാന മേഖലയില്‍ നിന്ന് ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളാണ് മുന്നോട്ടുവരാന്‍ സാധ്യതയുള്ളത്. മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് ടൂര്‍ണമെന്റ് നടത്താന്‍ ഈ രാജ്യങ്ങള്‍ സന്നദ്ധമാവുകയാണെങ്കില്‍ പോലും തീരുമാനമെടുക്കാന്‍ ഇനി അധിക സമയം ലഭിക്കില്ല. 2023ലെ വനിതാ ലോകകപ്പ് ന്യൂസിലാന്റുമായി ചേര്‍ന്നാണ് ഓസ്‌ട്രേലിയ സംഘടിപ്പിച്ചത്. പല തലങ്ങളിലൂടെ കടന്നുപോവേണ്ടതുള്ളതിനാല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ വിവിധ ഗവണ്‍മെന്റുകളുടെ കൂടി അംഗീകാരമുള്ള കരാര്‍ തയാറാക്കാന്‍ ഈ രാജ്യങ്ങള്‍ക്ക് പ്രയാസമാണ്. എന്നാല്‍ രാജഭരണം നിലനില്‍ക്കുന്ന സൗദിക്ക് അതിവേഗത്തില്‍ തീരുമാനമെടുത്ത് നടപ്പാക്കാനാവും.
മാത്രമല്ല, ലോകകപ്പ് ഫുട്‌ബോള്‍ പോലുള്ള വലിയ കായികമാമാങ്കം നടത്താന്‍ വലിയ സാമ്പത്തിക ശേഷിയും പശ്ചാത്തല സൗകര്യങ്ങളും വേണ്ടതുണ്ട്. വിമാന യാത്രാ സൗകര്യങ്ങള്‍, സുരക്ഷ തുടങ്ങിയവയും പ്രധാനമാണ്. 48 ടീമുകള്‍ പങ്കെടുക്കുന്ന 104 കളികളുള്ള, ആറാഴ്ച നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ വലിയ ഒരുക്കങ്ങളും അധ്വാനവും ആവശ്യമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ സൗദി അതിനുള്ള എല്ലാ ശേഷിയുമുണ്ട്. ഫിഫയുടെ അറിയിപ്പ് വന്നയുടന്‍ സൗദി മുന്നോട്ടുവന്നത് ഈ ധൈര്യത്തിലാണ്. അതാണ് കിരീടാവകാശിയും കായിക മന്ത്രിയും ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റും കഴിഞ്ഞ ദിവസം വിശദീകരിച്ചത്.
ഖത്തര്‍ ലോകകപ്പില്‍ 32 ടീമുകളും 64 മത്സരങ്ങളും മാത്രമാണുണ്ടായിരുന്നത്. 2034ല്‍ 48 ടീമുകളും 104 കളികളുണ്ടാവും. 40,000 പേര്‍ക്കെങ്കിലും ഇരിക്കാവുന്ന നിരവധി സ്റ്റേഡിയങ്ങള്‍ സജ്ജമാക്കണമെന്നത് ഫിഫയുടെ നിബന്ധനയാണ്. ഖത്തര്‍ എട്ട് സ്റ്റേഡിയങ്ങളിലാണ് ടൂര്‍ണമെന്റ് നടത്തിയത്. 2034ല്‍ 14 സ്‌റ്റേഡിയങ്ങള്‍ വേണമെന്നാണ് ഫിഫയുടെ നിബന്ധന. ഏഴെണ്ണമെങ്കിലും നിലവില്‍ പണി പൂര്‍ത്തിയായിരിക്കുകയും വേണം. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളിലായി നിരവധി സ്റ്റേഡിയങ്ങള്‍ സൗദിയിലുണ്ട്. 2027 ലെ ഏഷ്യന്‍ കപ്പിനായി കൂടുതല്‍ സ്‌റ്റേഡിയങ്ങള്‍ പണിയുന്നുമുണ്ട്. 2029 ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് വേദി ഓസ്‌ട്രേലിയക്ക് അനുവദിച്ച് 2034ലെ ലോകകപ്പിന് സൗദിയെ തെരഞ്ഞെടുത്തേക്കുമെന്നാണ് കരുതപ്പെടുന്നത്.
2026 ലെ അടുത്ത ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കൊ രാജ്യങ്ങളിലായാണ് നടക്കുന്നത്. 2030ല്‍ യൂറോപ്പ്, ആഫ്രിക്ക, ലാറ്റിനമേരിക്ക വന്‍കരകളിലായി അരങ്ങേറും.