ദുബായ്: സൂര്യപ്രകാശത്തിൽ നിന്ന് 1800 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിക്ക് ദുബായ് ഒരുങ്ങുന്നു. ദുബായ് ഇലക്ട്രിസിറ്റ് ആൻഡ് വാട്ടർ അതോറിറ്റിയാണ് ഇതിനുള്ള പദ്ധതി ഒരുക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സോളർ പാർക്കിലാണ് വെെദ്യുതി ഉത്പാതിപ്പിക്കുന്ന സോളാർ പാനലുകൾ സ്ഥാപിക്കുന്നത്.
സോളർ പാർക്കിലെ ആറാം ഘട്ട വികസന പദ്ധതിയിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. അബുദാബി ഫ്യൂച്ചർ എനർജി കമ്പനിയുമായി ഇതിനുവേണ്ടിയുള്ള കരാർ ഒപ്പിട്ടു. ഒരു പ്രത്യേക സ്ഥലത്ത് സോളർ പാനലുകൾ സ്ഥാപിച്ച് വെെദ്യുതി ഉത്പാതിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം സൃഷ്ടിക്കുന്നത് ഈ രീതിയിലാണ്. പെട്രോളിയം സ്രോതസ്സിൽ നിന്ന് ഹരിത സ്രോതസിലേക്കുള്ള മാറുന്നതിന്റെ ഭാഗമായാണ് ദുബായ് ഇത്തരത്തിലുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു കിലോവാട്ടിന് 8 ദിർഹത്തിൽ താഴെ മാത്രമാണ് ഇത്തരത്തിലുള്ള സൗരോർജ വൈദ്യുതിയുടെ ഉൽപാദനച്ചെലവ് വരുന്നത്.
അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് വേണ്ടിയുള്ള വിവധ തരത്തിലുള്ള പദ്ധതികൾ ആണ് ദുബായ് ഇപ്പോൾ കൊണ്ടുവരുന്നത്. അതിന്റെ ഭാഗമായാണ് പുതിയ സൗരോർജ വെെദ്യുതി പദ്ധതി. 2050 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുകയാണ് ലക്ഷ്യം. ഹരിത സമ്പദ് വ്യവസ്ഥയാക്കി ദുബായിയെ മാറ്റുകയാണ് മറ്റൊരു ലക്ഷ്യം. 2050 ആകുമ്പോഴേക്കും വൈദ്യുതി ഉൽപാദന രംഗത്തെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാകും. പ്രതിവർഷം 65 ലക്ഷം ടൺ കാർബൺ പുറന്തള്ളൽ ദുബായിൽ പദ്ധതി പൂർത്തിയായാൽ ഇല്ലാതെയാകും. അടുത്ത വർഷം അവസാനത്തോടെ സോളാർ പാനലുകൾ പ്രവർത്തന സജ്ജമാകും.
2,327 മെഗാവാട്ട് വൈദ്യുതി സൗരോർജത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്നുണ്ട്. മൊത്തം വൈദ്യുതിയിൽ 16% സൗരോർജത്തിൽ നിന്നാണ് വരുന്നത്. 2026 ആകുമ്പോഴേക്കും ആകെ വൈദ്യുതിയിൽ 24 ശതമാനവും സൗരോർജത്തിൽ നിന്നായിരിക്കും ഉത്പാതിപ്പിക്കുന്നത് എന്ന രീതിയിലേക്ക് മാറുകയാണ് മുന്നിൽ കാണുന്നത്. 1800 മെഗാവാട്ട് പദ്ധതി 4660 മെഗാവാട്ട് ആക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.