കൊച്ചി: നഗരമേഖലയിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളാണ് വൈപ്പിനും ഫോർട്ട് കൊച്ചിയും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ നഗരഭാഗങ്ങളിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് താമസിക്കുകയും നിത്യേന വന്നുപോകുകയും ചെയ്യുന്നത്. എന്നാൽ ഒരുവശത്ത് കടലും മറുവശത്ത് കായലുമുള്ള ഈ ഭാഗങ്ങൾ തമ്മിൽ നേരിട്ട് ബന്ധിപ്പിക്കാൻ യാത്രാബോട്ടുകളും വാഹനങ്ങൾ കയറ്റുന്ന ഫെറികളും മാത്രമാണുള്ളത്. തുടർച്ചയായി സർവീസ് നടത്തുന്ന റോ-റോ ഫെറികളിലൊന്ന് പണിമുടക്കിയാൽ ഇരുമുനമ്പുകളും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടും. ഈ സാഹചര്യത്തിൽ മൂന്നാമതൊരു ഫെറി കൂടി എത്തിക്കാനുള്ള ഒരുക്കവുമായി കോർപ്പറേഷൻ മുന്നോട്ടു പോകുന്നതിനിടെ വീണ്ടും പഴയൊരു ആവശ്യം ശക്തമാകുകയാണ്. കപ്പൽച്ചാലും കായലും മുറിച്ചുകടക്കുന്ന ഒരു അണ്ടർവാട്ടർ ടണൽ യാഥാർഥ്യമാക്കിയാൽ ഈ യാത്രാപ്രശ്നം എന്നെന്നേക്കുമായി അവസാനിപ്പിക്കാം. എന്നാൽ 1500 കോടിയോളം ചെലവ് കണക്കാക്കുന്ന പദ്ധതി നടപ്പാക്കാൻ സർക്കാർ തയ്യാറാകുമോ എന്നതാണ് ചോദ്യം.
കായലിൻ്റെ അടിത്തട്ടിൽനിന്ന് 35 മീറ്ററോളം ആഴത്തിൽ തുരങ്കം നിർമിക്കണമെന്നാണ് മേഖലയിലെ വിദഗ്ധരും പൊതുജനസംഘടനകളും ആവശ്യപ്പെടുന്നത്. ഫോർട്ട് കൊച്ചി ബീച്ചിനു സമീപത്തുനിന്ന് ആരംഭിച്ച് കപ്പൽച്ചാൽ മുറിച്ചു കടക്കുന്ന പാത വൈപ്പിനിൽ എത്തിച്ചേരുംവിധം യാഥാർഥ്യമാക്കാനാകും. ഫെറിക്കുവേണ്ടി കാത്തുകിടക്കേണ്ട എന്നതിനാൽ വാഹനങ്ങൾക്ക് ഇരുഭാഗത്തുനിന്നും സുഗമമായി സഞ്ചരിക്കാനാകും. കൂടാതെ കാൽനട യാത്രക്കാർക്കും സൈക്കിളുകൾക്കും സൗകര്യമൊരുക്കുകയും ചെയ്യാം. കൊച്ചി നഗരഭാഗത്തിനുള്ളിൽ നിൽക്കുന്ന പദ്ധതിയാണെങ്കിലും തീരദേശപാതയുടെ ഭാഗമാണെന്നതിനാൽ കേരളത്തിൻ്റെ തീരമേഖലയ്ക്ക് ഒട്ടാകെ പദ്ധതികൊണ്ട് പ്രയോജനം ലഭിക്കും. പദ്ധതി യാഥാർഥ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് വൈപ്പിൻ ജനകീയ കൂട്ടായ്മയുടെ കൺവീനറായ ജോണി വൈപ്പിൻ ആവശ്യപ്പെടുന്നത്.
കേരളത്തിൻ്റെ പടിഞ്ഞാറൻ തീരംവഴി സംസ്ഥാന സർക്കാർ നിർമിക്കുന്ന തീരദേശപാതയ്ക്ക് മൊത്തം 6500 കോടിയാണ് ചെലവ്. 623 കിലോമീറ്റർ ദൈർഘ്യം വരുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിൽ പലയിടത്തും പുതിയ പാലങ്ങളും റോഡുകളും നിർമിക്കുകയും നിലവിലെ പാതകൾ വികസിപ്പിക്കുകയും ചെയ്തു. എന്നാൽ തീരദേശപാതയുടെ തുടർച്ച ഇല്ലാതാകുന്നത് ഫോർട്ട് കൊച്ചി – വൈപ്പിൻ ഭാഗത്താണ്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഫോർട്ട് കൊച്ചി കൊച്ചി നഗരത്തിലെ സുപ്രധാനമേഖലയാണ്. എന്നാൽ കായലിനക്കരെ അര കിലോമീറ്റർ മാത്രം ദൂരത്തായി കിടക്കുന്ന വൈപ്പിനാകട്ടെ വികസനത്തിൽ ഏറെ പിന്നോട്ടാണ്. തുരങ്കപാത യാഥാർഥ്യമായാൽ മിനിറ്റുകളുടെ മാത്രം ദൂരത്തുള്ള വൈപ്പിനിൽ വികസനത്തിനും ഏറെ സാധ്യതകളുണ്ട്.
യുകെയെയും ഫ്രാൻസിനെയും ബന്ധിപ്പിക്കാനായി ഇംഗ്ലീഷ് ചാനലിനു കുറുകെ നിർമിച്ച തുരങ്കപാതയ്ക്ക് 50.5 കിലോമീറ്റർ ദൂരമുണ്ട്. ജപ്പാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും വർഷങ്ങൾക്കു മുൻപേ ഇത്തരം തുരങ്കപാതകൾ യാഥാർഥ്യമായിട്ടുണ്ട്. അസമിൽ ബ്രഹ്മപുത്ര നദിക്കു കുറുകെ സമാനമായ രീതിയിൽ തുരങ്കപാത നിർമിക്കാൻ കേന്ദ്രസർക്കാർ 7000 കോടി രൂപ അനുവദിച്ചത് അടുത്തിടെയാണ്. ഈ സാഹചര്യത്തിൽ ഫോർട്ട് കൊച്ചി – വൈപ്പിൻ തുരങ്കപാതയും അസാധ്യമായ കാര്യമല്ല.
ഇരുകരകൾക്കുമിടയിലുള്ള കപ്പൽച്ചാലിന് 260 മീറ്റർ മാത്രമാണ് വീതിയുള്ളത്. എന്നാൽ വലിയ ഭാരവാഹനങ്ങൾക്ക് അടക്കം വേഗത്തിൽ സഞ്ചരിക്കാനായി കയറ്റിറക്കങ്ങൾ ഒഴിവാക്കി നിർമിക്കുമ്പോൾ രണ്ട് കിലോമീറ്ററിലധികം ദൂരം തുരങ്കത്തിന് പ്രതീക്ഷിക്കാമെന്ന് മുംബൈ, ഗോവ തുറമുഖങ്ങളുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള ഡോ. ജോസ് പോൾ പറയുന്നു. പുതുവൈപ്പിനിൽനിന്നു തുടങ്ങി ഫോർട്ട് കൊച്ചി ബീച്ചിനു സമീപം അവസാനിക്കുന്ന തരത്തിൽ തുരങ്കപാത രൂപകൽപന ചെയ്യാനാകും. ഇതോടെ നിലവിൽ എറണാകുളം എംജി റോഡ് വഴി 20 കിലോമീറ്ററോളം വരുന്ന യാത്ര രണ്ട് കിലോമീറ്ററായി ചുരുങ്ങും. പദ്ധതി യാഥാർഥ്യമായാൽ സംസ്ഥാനത്തെ ആദ്യ സമുദ്രാന്തര തുരങ്കപാത കൂടിയാകും ഇത്.
ദേശീയപാതാ മാതൃകയിൽ നടപ്പാക്കാവുന്ന പദ്ധതിയുടെ ദേശീയപ്രാധാന്യം കണക്കിലെടുത്ത് കേന്ദ്രസർക്കാരിൻ്റെ സാമ്പത്തികസഹായവും നേടാനാകും. നിലവിൽ റോ റോ ഫെറി സർവീസിന് പ്രത്യേക നിരക്ക് നൽകിയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ഈ സാഹചര്യത്തിൽ തുരങ്കപാതയ്ക്കായി ടോൾ ഏർപ്പെടുത്തിയാലും എതിർപ്പ് ഉയരാൻ സാധ്യത കുറവാണ്. നിലവിൽ പ്രവർത്തിക്കുന്ന ഫെറി ഓരോന്നിനും 10 കോടിയിലധികമാണ് ചെലവ്. കൂടാതെ അറ്റകുറ്റപ്പണികൾക്കായി കോർപ്പറേഷന് വേറെയും തുക ചെലവിടേണ്ടി വരുന്നുണ്ട്. പുതിയ പാത പൂർത്തിയായാൽ ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കാം. ഭാവിയിൽ വൈപ്പിൻ വഴി ഫോർട്ട് കൊച്ചിയിലേക്ക് ബസ് സർവീസും പരിഗണിക്കാനായാൽ വില്ലിങ്ടൺ ഐലൻഡ് വഴിയുള്ള നിലവിലെ പാതയിലെ ഗതാഗതക്കുരുക്കും കുറയ്ക്കാനാകും.
ലക്ഷക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന പാത ഇനിയും സർക്കാർ ഗൗരവത്തിലെടുത്തിട്ടില്ല. മൂന്നാമതൊരു ഫെറി കൂടി എത്തിച്ചാൽ ഫോർട്ട് കൊച്ചിയിലെ യാത്രാപ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയാണ് കോർപ്പറേഷന്. നിലവിൽ രണ്ട് റോ റോ ഫെറികളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. രണ്ടിലൊരു യാനം അറ്റകുറ്റപ്പണികൾക്കായി മാറ്റിയാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാറുണ്ട്. അടുത്ത വർഷത്തോടെ മൂന്നാമത്തെ ഫെറി എത്തുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.