Gulf

സൗദിയില്‍ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 11,400 അനധികൃത പ്രവാസികള്‍. 7,922 പേരെ നാടുകടത്തി

Published

on

റിയാദ്: സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11,400 അനധികൃത പ്രവാസികള്‍ പിടിയിലായി. താമസ നിയമം, തൊഴില്‍ നിയമം, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ലംഘനങ്ങള്‍ക്ക് 11,465 വിദേശികളെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സെപ്തംബര്‍ 21 മുതല്‍ 27 വരെ രാജ്യത്തുടനീളം സുരക്ഷാ സേന നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്. അറസ്റ്റിലായവരില്‍ 7,199 പേരും ഇഖാമ (താമസ രേഖ) ഇല്ലാത്തവരോ ഇഖാമ കാലാവധി അവസാനിച്ചവരോ ആണ്.

2,882 നിയമലംഘകര്‍ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 1,384 പേരെ അറസ്റ്റ് ചെയ്തു.

സൗദി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 711 പേരാണ് ഒരാഴ്ചയ്ക്കിടെ പിടിയിലായത്. യെമന്‍ അതിര്‍ത്തിവഴിയാണ് മിക്കവരും നുഴഞ്ഞുകയറുന്നത്. അതിര്‍ത്തിപ്രദേശങ്ങളില്‍ റഡാറുകള്‍, കമ്പിവേലികള്‍, കാമറകള്‍ എന്നിവ സ്ഥാപിക്കുകയും അതിര്‍ത്തിരക്ഷാ സേനയുടെയും പോലിസിന്റെയും പട്രോളിങ് സഘം നിരന്തര നിരീക്ഷണം തുടരുകയും ചെയ്യുന്നുണ്ടെങ്കിലും നുഴഞ്ഞുകയറ്റം തുടരുകയാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

സൗദി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരില്‍ 52% യെമനികളും 45% എത്യോപ്യക്കാരും 3% മറ്റ് രാജ്യക്കാരുമാണ്. സൗദി അറേബ്യയുടെ അതിര്‍ത്തിയിലൂടെ അനധികൃതമായി പുറത്തുകടക്കാന്‍ ശ്രമിച്ച 14 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

താമസ, തൊഴില്‍ നിയമലംഘകര്‍ക്ക് യാത്രാസൗകര്യം നല്‍കുകയും അഭയംനല്‍കുകയും നിയമലംഘകരെ കുറിച്ച് പോലിസിന് വിവരം നല്‍കാതിരിക്കുകയും ചെയ്ത കുറ്റങ്ങള്‍ക്ക് കഴിഞ്ഞയാഴ്ച 15 വ്യക്തികളും അറസ്റ്റിലായി.

പിടിയിലായ നിയമലംഘകരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണ്. നിലവില്‍, 43,772 അനധികൃത പ്രവാസികളുടെ തിരിച്ചയക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇവരില്‍ 36,404 പുരുഷന്മാരും 7,368 സ്ത്രീകളും ഉള്‍പ്പെടുന്നു. 38,379 നിയമലംഘകരെ ആവശ്യമായ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അതത് നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് ഇവരെ നാടുകടത്തും.

പാസ്‌പോര്‍ട്ട് ലഭിച്ച 1,704 പേരെ യാത്രാ ടിക്കറ്റ് റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ റഫര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 7,922 പേരെ നാടുകടത്തുകയും ചെയ്തു. നിയമലംഘകര്‍ക്ക് രാജ്യത്തേക്ക് പ്രവേശന സൗകര്യമൊരുക്കുന്നവര്‍ കനത്ത ശിക്ഷാനടപടികള്‍ക്ക് വിധേയരാവുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. യാത്രാ സൗകര്യം, താമസം, ജോലി ഉള്‍പ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള സഹായം ചെയ്താല്‍ 15 വര്‍ഷം വരെ തടവും പരമാവധി 10 ലക്ഷം റിയാല്‍ പിഴയും ചുമത്തും. വാഹനങ്ങളും താമസകെട്ടിടവും കണ്ടുകെട്ടുകയും വിദേശിയാണെങ്കില്‍ ശിക്ഷാ കാലാവധിക്കു ശേഷം നാടുകടത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version