ഇന്ത്യൻ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ. പൈതൃക,വിനോദ സഞ്ചാര മന്ത്രാലയം ഇന്ത്യൻ നഗരങ്ങളിൽ നടത്തിയ പ്രമോഷൻ ക്യാമ്പയിന് ലഭിച്ചത് വൻ സ്വീകാര്യതയാണ്. ന്യൂ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് പ്രചരണ പരിപാടി സംഘടിപ്പിച്ചത്. നൂറിൽ അധികം ഇന്ത്യൻ കമ്പനികൾ പങ്കാളികളായി. ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയിലെ പങ്കാളികൾക്ക് ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ, എയർലൈനുകൾ, പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികൾ എന്നിവയുൾപ്പെടെ ഒമാനി ടൂറിസം രംഗത്തെ ആളുകളെ ബന്ധപ്പെടാനുള്ള അവസരവും മന്ത്രാലയം അധികൃതർ ഒരുക്കിയിരുന്നു. ഒമാനിൽ നിന്നുള്ള 200ൽ അധികം ഇന്ത്യൻ ട്രാവൽ, ആൻഡ് ടൂറിസം സ്ഥാപനങ്ങളുമാണ് ക്യാമ്പയിനിൽ പങ്കെടുത്തു.
ഇന്ത്യക്കാരുടെ വിവാഹ ഡെസ്റ്റിനേഷൻ ആകാൻ ഒമാൻ : ഒമാനിലെ വിവിധ വിനോദ സൗകര്യങ്ങളും പ്രത്യേകതകളും ടൂറിസം പ്രചാരണ ക്യാമ്പയിനിൽ അവതരിപ്പിച്ചു. ഇതിൽ പ്രധാനമാണ് സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, വിവാഹ വേദികൾ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ. ഇവയെ കുറിച്ച് ഇന്ത്യൻ മാർക്കറ്റിൽ കൃത്യമായി പ്രചാരം നൽകുന്നതിലൂടെ ഇത്തരം ഇവന്റുകൾക്ക് ഒമാനിലേക്ക് ഇന്ത്യക്കാർ ഒഴുകിയേക്കും. ഒമാനിൽ വിവാഹ വേദിയൊരുക്കുന്നതിന് ഇന്ത്യക്കാരെ ക്ഷണിക്കുകയാണ് അധികൃതർ. അഞ്ച് റിയാലിന് പത്ത് ദിവസത്തെ ടൂറിസ്റ്റ് വിസ, ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ, നാല് മണിക്കൂറിൽ താഴെ മാത്രം വിമാന യാത്ര, കുറഞ്ഞ നിരക്കിൽ വേദിയൊരുക്കാവുന്ന ഹോട്ടലുകൾ, പൈതൃക കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങിയ ഘടകങ്ങൾ ഒമാനെ വിവാഹ വേദിയാക്കാൻ ഇന്ത്യക്കാരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇത്തരം സംഘങ്ങൾക്ക് പാക്കേജുകളൊരുക്കാൻ ട്രാവൽ ഏജൻസികളും രംഗത്ത് വന്നിട്ടുണ്ട്.