സംവിധായകരിലെ സൂപ്പർ സ്റ്റാറായ എസ് എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ . ഇപ്പോഴിതാ മഹേഷ് ബാബുവിനെ നായകനാക്കി ‘SSMB29’ എന്ന പേരിൽ രാജമൗലി ഒരുക്കുന്നത് ബ്രഹ്മാണ്ഡ ചിത്രമാണെന്നാണ് റിപ്പോർട്ട് .
രാജമൗലിയുടെ അച്ഛൻ വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ നടന്ന ഒരു ചടങ്ങിൽ, ഈ സിനിമയുടെ കഥയ്‌ക്ക് വേണ്ടി മാത്രം തങ്ങൾ രണ്ട് വർഷമെടുത്തുവെന്ന് വിജയേന്ദ്ര പ്രസാദ് വെളിപ്പെടുത്തി.ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ലോകത്തേക്ക് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
2025 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ചിത്രത്തിനായി മികച്ച ലൊക്കേഷനുകൾ തേടുകയാണ് രാജമൗലി. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും 900 മുതൽ 1000 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയുടെ മുഴുവൻ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.
വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആമസോൺ കാടുകളുടെ പശ്ചാത്തലത്തിൽ സാഹസികമായ ഒരു കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് വിജയേന്ദ്ര പ്രസാദ് നേരത്തെ തന്നെ പറഞ്ഞിരുന്നു . ഈ ചിത്രത്തിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗിക്കും. ഇതിന്റെ ഭാഗമായി രാജമൗലി ഇതിനോടകം തന്നെ എഐയിൽ പരിശീലനം നേടുന്നുണ്ടെന്നാണ് സൂചന.