കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ സൗദി അറേബ്യയിലെ ജസാന്‍ മേഖലയിലെ തെക്കന്‍ ഗവര്‍ണറേറ്റുകളില്‍ വ്യാപക നാശനഷ്ടമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഹദ് അല്‍ മസരിഹ പ്രദേശത്താണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പലയിടങ്ങളിലും തെരുവുകള്‍ വെള്ളത്തിനടിയിലായി. ഇടിമിന്നലിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അതിനിടെ, ജസാന്‍ താഴ്വരയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അബു ആരിഷ്, സബിയ ഗവര്‍ണറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലം തകർന്നു.
വാദി മുസല്ലയില്‍ (വാദി അല്‍ ഖംസ്) മിന്നല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ വലിയ തോടുകള്‍ മൂന്ന് വാഹനങ്ങള്‍ ഒഴുകിപ്പോയി. ശക്തമായ മഴയില്‍ വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വലിയ നാശനഷ്ടങ്ങളുണ്ടായി. വാദി മസ്ലയിലെ അല്‍ അറാദയ്ക്കും അഹദ് അല്‍ മസരിഹയ്ക്കും ഇടയിലുള്ള റോഡില്‍ യാത്ര ചെയ്യുന്നതിനിടെ ദമ്പതികള്‍ സഞ്ചരിച്ച വാഹനം ഒലിച്ചുപോയി. ഭാര്യ മരിക്കുകയും ഭര്‍ത്താവിന് പരിക്കേല്‍ക്കുകയും ചെയ്തു. ഒഴുകിപ്പോയ വാഹനങ്ങളിലൊന്നില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നും അവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിവില്‍ ഡിഫന്‍സ് ടീമുകള്‍ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുകയും നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.