ഇന്ത്യക്കാരനായ അന്താരാഷ്ട്ര സ്വർണ കള്ളക്കടത്ത് സംഘത്തലവനെ യു.എ.ഇ ഇന്ത്യയിലേക്ക് നാടു കടത്തി. ഇന്‍റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രാജസ്ഥാനിലെ സികർ സ്വദേശിയായ മുനിയാട് അലി ഖാനെയാണ് നാടു കടത്തിയത്. ഇന്ത്യയിലെത്തിയ ഇയാളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
സി.ബി.ഐയുടെ ഗ്ലോബൽ ഓപറേഷൻ സെന്‍റർ എൻ.ഐ.എ, അബൂദബിയിലെ ഇന്‍റർപോൾ നാഷനൽ സെൻട്രൽ എന്നിവരുമായി സഹകരിച്ചാണ് മുനിയാട് അലി ഖാനെ ഇന്ത്യയിലേക്ക് എത്തിച്ചതെന്ന് സി.ബി.ഐ പ്രസ്താവനയിൽ അറിയിച്ചു. പൊലീസ് അറസ്റ്റ് ചെയ്യുമെന്നു കണ്ട് യു.എ.ഇയിലേക്ക് മുങ്ങിയ മുനിയാട് അലി ഖാനെതിരെ ജയ്പൂരിലെ എൻ.ഐ സ്പെഷൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
തുടർന്ന് ഇന്‍റർപോൾ പ്രതിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു. പ്രതി ഇന്ത്യയിലെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. അലി ഖാനും മറ്റ് 17 പേർക്കുമെതിരെ 2021 മാർച്ചിലാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ സമീർ ഖാൻ, ഐസാസ് ഖാൻ, സുരേന്ദ്ര കുമാർ ദർജി, മുഹമ്മദ് ആരിഫ് എന്നിവരുമായി ചേർന്ന് ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് സ്വർണം കടത്തിയെന്നതാണ് കേസ്.