അബൂദബി : അവധി കഴിഞ്ഞ് സ്കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ മടങ്ങുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ അനുസരിക്കണമെന്നും അബൂദബി പോലീസ്. വിദ്യാര്‍ഥികളെ ഇറക്കുമ്പോഴോ കയറ്റുമ്പോഴോ സ്കൂള്‍ ബസില്‍ ‘സ്റ്റോപ്പ്’ അടയാളം തുറന്നുവെച്ചാല്‍ വാഹനമോടിക്കുന്നവര്‍ വാഹനം പൂര്‍ണമായി നിര്‍ത്തണമെന്ന് പോലീസ് നിര്‍ദേശിച്ചു.
‘സ്റ്റോപ്പ്’ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇരുവശങ്ങളിലേക്കും വാഹനം നിര്‍ത്തി ബസില്‍ നിന്ന് അഞ്ച് മീറ്റര്‍ അകലം പാലിച്ച് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. ‘സ്റ്റോപ്പ്’ അടയാളങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് 1,000 ദിര്‍ഹം പിഴയും പത്ത് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ വിദ്യാര്‍ഥികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും ബസുകളില്‍ ‘സ്റ്റോപ്പ്’ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം. പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ 500 ദിര്‍ഹവും ആറ് ബ്ലാക്ക് പോയിന്റും പിഴ ലഭിക്കും.
സ്കൂള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള ഇടങ്ങള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള ട്രാഫിക് നിയമങ്ങള്‍ രക്ഷിതാക്കളും പാലിക്കണമെന്ന് പോലീസ് പറഞ്ഞു.