ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടി20 ടീമിൽ മടങ്ങിയെത്തി സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും. അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരക്കായുള്ള ടീം പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. പരിക്ക് കാരണം ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും ടീമിൽ ഇടം പിടിച്ചിട്ടില്ല.
രോഹിത് ശർമ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണുമുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പരയിൽ സഞ്ജു സെഞ്ചുറി നേടിയിരുന്നു. സഞ്ജുവിന് പുറമെ വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയാണ് ടീമിലുള്ളത്. ഇഷാൻ കിഷനെയും കെഎൽ രാഹുലിനെയും പരിഗണിച്ചിട്ടില്ല.
ദക്ഷിണാഫ്രിക്കക്കെതിരെ ടി20 പരമ്പരയിൽ സഞ്ജു കളിച്ചിരുന്നില്ല. ഏകദിനത്തിൽ മാത്രമേ താരത്തെ ഉൾപ്പെടുത്തിയിരുന്നുള്ളൂ. ഏകദിന ലോകകപ്പിന് മുമ്പ് അയർലണ്ടിനെതിരെയാണ് താരം അവസാനമായി ടി20യിൽ കളിച്ചിരുന്നത്. പ്രാദേശിക ക്രിക്കറ്റിലും സഞ്ജു സാംസൺ നിലവിൽ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.
കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം രോഹിത്തും കോഹ്ലിയും ഇതുവരെ ടി20 ഫോർമാറ്റിൽ കളിച്ചിരുന്നില്ല. 2024ൽ നടക്കുന്ന ലോകകപ്പിലും ഇരുവരും കളിച്ചേക്കുമെന്ന സൂചനയാണ് സെലക്ടർമാർ നൽകുന്നത്. പാണ്ഡ്യക്ക് പകരം രോഹിത് തന്നെ ടീമിനെ നയിക്കാനാണ് സാധ്യത. അഫ്ഗാനെതിരായ ടീമിൻെറ ഉപനായകനെ പ്രഖ്യാപിച്ചിട്ടില്ല.
സീനിയർ പേസർമാരായ ജസ്പ്രീത് ബുംറയും മൊഹമ്മദ് സിറാജും പരമ്പരയിൽ കളിക്കില്ല. ദക്ഷിണാഫ്രിക്കക്കെതിരെ ടി20 ടീം ഉപനായകനായിരുന്ന രവീന്ദ്ര ജഡേജയും ടീമിൽ ഇല്ല. ഓൾറൌണ്ടറെന്ന നിലയിൽ ശിവം ദുബെയാണ് ഇടംപിടിച്ചിരിക്കുന്നത്.
ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യ കളിക്കാൻ പോവുന്ന ഏക ടി20 പരമ്പരയാണ് അഫ്ഗാനെതിരെയുള്ളത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ കളിക്കുക.
ഇന്ത്യൻ ടീം ഇവരിൽ നിന്ന്:
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജെയ്‌സ്വാൾ, വിരാട് കോഹ്‌ലി, തിലക് വർമ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ, മുകേഷ് കുമാർ