സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ. കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയത്. അറ്റോർണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജിക്കെതിരായ കേസിൽ കോടതിയുടെ അന്തിമതീർപ്പ് വരാത്ത സാഹചര്യത്തിൽ പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നാണ് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചത്.
അതേസമയം സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ പൊലീസിനെ ഉപയോഗിച്ച് കള്ള റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം. ഭരണഘടനാ വിരുദ്ധ പ്രസംഗം അതേപോലെ നിലനിൽക്കുന്നതുകൊണ്ട് ചടങ്ങ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. സത്യപ്രതിജ്ഞ്ക്ക് ശേഷം ഗവർണർ ഒരുക്കുന്ന ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. അതിനുശേഷം മന്ത്രിയുടെ ഔദ്യോഗിക കാറിൽ സെക്രട്ടറിയേറ്റിൽ എത്തി സജി ചെറിയാൻ ചുമതല ഏറ്റെടുക്കും. നേരത്തെ മന്ത്രി ആയിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം, സിനിമ, യുവജനക്ഷേമ വകുപ്പുകൾ തന്നെയായിരിക്കും സജി ചെറിയാന് നൽകുക. സജിയുടെ വകുപ്പുകൾ നിശ്ചയിച്ച് മുഖ്യമന്ത്രി അറിയിക്കുന്നതിന് പിന്നാലെ ഗവർണർ വിജ്ഞാപനം പുറത്തിറക്കും. ഗവർണറുമായുള്ള തർക്കം രൂക്ഷമായതിന് ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി രാജ്ഭവനിൽ എത്തുന്നത്.