അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ സമാപനദിവസം ഫുട്ബാൾ ആരാധകരുടെ കൂടി ഉത്സവമായിരുന്നു. സ്ക്രീനിൽ മാത്രം കണ്ടിരുന്ന പ്രിയ ഫുട്ബാൾ താരത്തെ ഒരു നോക്കുകാണാൻ ആരാധകർ തിക്കിത്തിരക്കിയതോടെ ബാൾ റൂമിന് പുറത്ത് കാലുകുത്താൻ ഇടമില്ലാതായി വൻ തിരക്കിനാൽ ഒരു വേള ജനങ്ങളുടെ പ്രവേശനം പോലും തടയേണ്ടി വന്നു അധികൃതർക്ക്.
ബാൾ റൂമിലേക്ക് കനത്ത സുരക്ഷ അകമ്പടിയോടെയെത്തിയ താരത്തെ ആർത്തിരമ്പുന്ന ഫുട്ബാൾ ഗാലറി കണക്കെയാണ് ആരാധകർ വരവേറ്റത്. തന്റെ ജീവിതത്തെയും വിജയ വഴികളെയും രൂപപ്പെടുത്തിയെടുക്കുന്നതിലും തന്റെ വീക്ഷണങ്ങളെ സ്വാധീനിക്കുന്നതിലും വായനക്കുള്ള പങ്കിനെ സലാഹ് ആരാധകരുമായി പങ്കുവെച്ചു.
ഒരു പുസ്തകം മാത്രമല്ല, പല ബുക്കുകളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ആരാധകരോട് താരം പറഞ്ഞു വെച്ചത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നോവലുകളാണ്, ജീവിതത്തെ മറ്റൊരു വീക്ഷണകോണിൽനിന്ന് നോക്കിക്കാണാൻ നോവലുകളിലൂടെ സാധിക്കാറുണ്ട്.
നോവലുകൾ വ്യത്യസ്ത സമൂഹങ്ങളുമായി ഇടപഴകാൻ സഹായിക്കുമെന്നും പ്രിയ താരം പറഞ്ഞു. പുസ്തകങ്ങളിലൂടെയുള്ള അറിവ് സഹാനുഭൂതി വളർത്തുകയും ജീവിതത്തെക്കുറിച്ചുള്ള ഒരാളുടെ വീക്ഷണത്തെ സമ്പന്നമാക്കുകയും ചെയ്യുമെന്നും ഈജിപ്ഷ്യൻ ഇതിഹാസം കൂട്ടിച്ചേർത്തു.