ലോകമെമ്പാടുമുള്ള വായനപ്രേമികളെ ആകർഷിച്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നടത്താൻ പുതിയ സ്ഥലം കണ്ടെത്തുന്നതിന് നിർദേശം നൽകി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ മോസ്കിന് എതിർവശത്ത് എമിറേറ്റ്സ് റോഡിനു സമീപത്താണ് പുതിയ സ്ഥലം അനുവദിക്കുക.
റേഡിയോയിലും ടെലിവിഷനിലുമായി നടത്തുന്ന വാരാന്ത്യ റേഡിയോ പരിപാടിയായ ഡയറക്ട് ലൈനിലൂടെയാണ് സുൽത്താന്റെ നിർദേശം. നിലവിൽ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം സംഘടിപ്പിച്ചുവരുന്നത്. സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി പുതിയ കെട്ടിടത്തിലേക്ക് പുസ്തകോത്സവം മാറ്റുന്നതിനുള്ള ആലോചന നേരത്തേ നടന്നിരുന്നു.
പുതിയ സ്ഥലം കണ്ടെത്തുന്നതോടെ കെട്ടിട നിർമാണത്തിനുള്ള പദ്ധതി ഷാർജ ബുക് അതോറിറ്റി നടത്തും. ഏറ്റവും ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും പുതിയ കെട്ടിടം. നിലവിൽ ഷാർജ എക്സ്പോ സെന്റർ നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവലുകൾ കൊണ്ട് സജീവമാണ്.
ഇത്തവണ നടന്ന പുസ്തകോത്സവത്തിൽ അത്ഭുതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ബഹുനില പാർക്കിങ് കെട്ടിടം ഉൾപ്പെടെ പൂർണമായും നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യാനായി മറ്റിടങ്ങൾ തേടിപ്പോകേണ്ട അവസ്ഥയായിരുന്നു.
എക്സ്പോ സെന്റർ പരിസരത്ത് എത്താനായി വാഹനങ്ങളുടെ വൻ നിരതന്നെ പ്രകടമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ സ്ഥലത്തേക്ക് പുസ്തകോത്സവ വേദി മാറ്റാനുള്ള തീരുമാനം. അധികം വൈകാതെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുമെന്നാണ് സൂചന