ദുബായ് : ഷാർജയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അൽ നൂർ ദ്വീപിനെ പ്രമുഖ ട്രാവൽ റിവ്യൂ പ്ലാറ്റ്‌ഫോമായ ട്രിപ്പ് അഡ്വൈസർ പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ 2024-ലെ മികച്ച 10 ആകർഷണങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഷാർജ ഇൻവെസ്റ്റ്‌മെൻ്റ് ഡെവലപ്‌മെൻ്റ് അതോറിറ്റി വികസിപ്പിച്ച് കൈകാര്യം ചെയ്യുന്ന അൽ നൂർ ദ്വീപ് പ്രകൃതി, കല, വിനോദം എന്നിവയുടെ സവിശേഷമായ സമ്മിശ്രണത്തിന് പേരുകേട്ടതാണ്. തുറന്നതു മുതൽ തന്നെ ഷാർജയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.
തുടർച്ചയായ രണ്ടാം വർഷമാണ് അൽ നൂർ ദ്വീപിന് ‘ഏറ്റവും മികച്ചത്’ എന്ന ബഹുമതി ലഭിക്കുന്നത്. ട്രിപ്പ് അഡ്‌വൈസറിലെ 8 ദശലക്ഷം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും മികച്ച 1% വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് മാത്രമാണ് ഇത് നൽകുന്നത്.
കൂടാതെ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത, പുരാവസ്തു സൈറ്റുകളുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മെലീഹ ആർക്കിയോളജിക്കൽ സെൻ്റർ തുടർച്ചയായ ഏഴാം വർഷവും ട്രിപ്പ് അഡ്വൈസർ ട്രാവലേഴ്സ് ചോയ്സ് അവാർഡ് നേടിയിട്ടുണ്ട്.