പ്രവാസി വ്യവസായിയും ശോഭ ഗ്രൂപ്പ് ചെയര്‍മാനുമായ പി.എന്‍.സി മേനോന്‍ രണ്ടാം ഇന്നിംഗിനൊരുങ്ങുന്നു. ഇത്തവണ സ്വര്‍ണത്തിന്റെയും ഫര്‍ണിച്ചറിന്റെയും ബിസിനസിലേക്കാണ് കടന്നു വരുന്നത്. ശോഭ ജ്വല്ലേഴ്‌സ്, ശോഭ ഫര്‍ണിച്ചേഴ്‌സ് എന്നീ രണ്ട് സ്ഥാപനങ്ങള്‍ക്ക് വൈകാതെ തുടക്കം കുറിക്കുമെന്ന് അദ്ദേഹം ദുബൈയില്‍ വെളിപ്പെടുത്തി. ശോഭ ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാനായി മാസങ്ങള്‍ക്കുള്ളില്‍ ചുമതലയേല്‍ക്കാനിരിക്കുന്ന മകന്‍ രവി മേനോന്‍, കമ്പനിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ റിയല്‍ട്ടി ബിസിനസിനെ വിപുലീകരിക്കാന്‍ മുന്നോട്ടു വരും. 76-ാം വയസിലാണ് പി.എന്‍.സി മേനോന്‍ പുതിയ ബിസിനസ് മേഖലയിലേക്ക് കടക്കുന്നത്.
ലക്ഷ്യം 1000 കോടി ഡോളർ മൂല്യം ജ്വല്ലറി, ഫർണിച്ചർ മേഖലയിൽ കൂടി സജീവമാകുന്നതോടെ ശോഭ ഗ്രൂപ്പിനെ അടുത്ത അഞ്ചു വർഷത്തിനിടയിൽ 1000 കോടി ഡോളർ മൂല്യമുള്ള കമ്പനിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പി.എൻ.സി മേനോൻ ദുബൈയിൽ പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങൾ പുതിയ ബിസിനസിന് സഹായിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ബിസിനസ് ഏതെല്ലാം രാജ്യങ്ങളിലായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. റിയൽ എസ്റ്റേറ്റ് കമ്പനിക്കൊപ്പം നിലവിൽ ശോഭ ഗ്രൂപ്പിന് ലൈറ്റിംഗ് ബിസിനസ്, ഡിസൈൻ സ്റ്റുഡിയോ, കോൺട്രാക്ടിംഗ് തുടങ്ങിയ മേഖലകളിൽ സാന്നിധ്യമുണ്ട്. 500 ആർക്കിടെക്ടുകളും എഞ്ചിനിയർമാരും ഈ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ട്.റിയൽ എസ്റ്റേറ്റിനൊപ്പം പുതിയ മേഖലകളിലും കമ്പനിക്ക് പുതിയ ലക്ഷ്യങ്ങളാണുള്ളതെന്ന് ശോഭ ഗ്രൂപ്പിൻ്റെ ചെയർമാനായി ചുമതലയേൽക്കാനിരിക്കുന്ന രവി മേനോൻ പറഞ്ഞു.
അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. മുംബൈയിൽ പുതിയൊരു ബ്രാഞ്ച് ഉടനെ തുറക്കും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 300 കോടി ഡോളറിൻ്റെ വളർച്ചയാണ് ലക്ഷ്യമിടുന്നത്. ദുബൈയിൽ 50,000 ചതുരശ്ര മീറ്റർ വലുപ്പുമുള്ള ഫാക്ടറി സ്ഥാപിക്കുന്നുണ്ട്. ടെക്നോപാർക്കിൽ 12,000 ചതുരശ്ര മീറ്ററിലുള്ള ഫാക്ടറിയും ചർച്ചയിലാണ്. അബുദാബിയിയിൽ 9,000 ചതുരശ്ര മീറ്ററിൽ പ്ലാൻ്റ് വരും. രവി മേനോൻ വ്യക്തമാക്കി. നിലവിൽ കമ്പനിക്ക് യു.എ.ഇ, മസ്ക്‌കറ്റ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ശക്തമായ സാന്നിധ്യമാണുള്ളത്.