പൊതുമാപ്പ് എല്ലാവരും നാട്ടിലേക്കെത്തുമ്പോൾ വർഷങ്ങൾക്ക് മുൻപ് കാണാതായ മകനെ കാത്തിരിക്കുകയാണ് കാസർകോട്ടെ ഒരുമ്മ. കാസർകോട് സ്വദേശി ഹനീഫയെ 2021ലാണ് അബുദബിയിൽ നിന്ന് കാണാതായത്. അബുദബിയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് എല്ലായിടത്തും അന്വേഷിക്കുകയാണ് ഹനീഫയ്ക്കായി.
അബുദബിയിലെ കഫ്റ്റീരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു കാസർകോട് ബിരിക്കുളം സ്വദേശിയായ ഹനീഫ. 2006 മുതൽ യുഎഇയിലുള്ളയാളാണ്. 2021ലാണ് കാണാതായത്. പൊതുമാപ്പ് കാലത്ത് എല്ലാ പിഴകളും മറ്റും ഒഴിവാക്കി എല്ലാവരും സുരക്ഷിതരാകാനും നാട്ടിലേക്ക് പോകാനും നിൽക്കുമ്പോഴും ഹനീഫയുടെ ഒരു വിവരവുമില്ലെന്ന് ബന്ധുക്കൾ പറയുന്നു.
സുഹൃത്തുക്കളും അബുദബിയിലുള്ള ബന്ധുക്കളും ചേർന്ന് എന്തെങ്കിലും വിവരം കിട്ടുമോയെന്ന അന്വേഷണത്തിലാണ്. വീട്ടിൽ ഉമ്മയും ഭാര്യയും 2 പെൺകുട്ടികളുമുണ്ട്. വർഷങ്ങളായി വിവരമില്ല. വിളിക്കാറോ മറ്റോയില്ലെന്ന് ഹനീഫയുടെ മാതാവ് പറയുന്നു. വിസയടിച്ചതായി വിവരമില്ലെന്നും മറ്റു വിവരങ്ങളൊന്നുമില്ലെന്നും സുഹൃത്തുക്കൾ പറയുന്നു. ആരിൽ നിന്നെങ്കിലും പ്രതീക്ഷയുള്ള വിവരം കിട്ടുമെന്ന കാത്തിരിപ്പിലാണ് ഇവർ.