വേനൽക്കാലങ്ങളിൽ ദുബൈയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി സമയം ഏഴ് മണിക്കൂറായി കുറക്കുന്നതിനുള്ള പൈലറ്റ് സംരംഭം പ്രഖ്യാപിച്ച് അധികൃതർ. എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചകളിൽ പൂർണമായും അവധി നൽകുന്നത് സംബന്ധിച്ചും ആലോചനയുണ്ട്. ഈ മാസം 12 മുതൽ സെപ്റ്റംബർ 30 വരെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുമെന്നാണ് ദുബൈ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്മെന്റ് (ഡി.ജി.എച്ച്.ആർ) ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. ‘അവർ ഫ്ലക്സിബ്ൾ സമ്മർ’ എന്ന് പേരിട്ടിരിക്കുന്ന സംരംഭം ആദ്യ ഘട്ടത്തിൽ 15 സർക്കാർ സ്ഥാപനങ്ങളിൽ നടപ്പിലാക്കും.
നിലവിൽ എമിറേറ്റിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും വെള്ളിയാഴ്ച പകുതി ദിവസവും അവധിയാണ്. പുതിയ സംരംഭം പ്രഖ്യാപിക്കുന്നതിലൂടെ വരുന്ന ഏഴ് ആഴ്ചകളിൽ വാരാന്ത്യങ്ങളിൽ മൂന്നു ദിവസം ജീവനക്കാർക്ക് അവധി ലഭിക്കും.നിലവിൽ ഷാർജയിൽ മാത്രമാണ് മൂന്നു ദിവസത്തെ അവധിയുള്ളത്. ഇവിടെ 88 ശതമാനം ഉൽപാദനക്ഷമത വർധിച്ചുവെന്നാണ് റിപ്പോർട്ട്. അതോടൊപ്പം തൊഴിൽ സംതൃപ്തി 90 ശതമാനം ഉയരുകയും ഉപഭോക്താക്കളുടെ സംതൃപ്തി നിരക്ക് 94 ശതമാനം വർധിക്കുകയും ചെയ്തിരുന്നു. എമിറേറ്റിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി പൈലറ്റ് പദ്ധതിയുടെ ഫീഡ് ബാക്ക് ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്യും