പുതിയ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് വിൻഡോസ് കംപ്യൂട്ടറുകളിലേക്ക് ഫയലുകൾ കൈമാറുന്നത് കൂടുതൽ ലളിതമാക്കി മൈക്രോസോഫ്റ്റ്. വിൻഡോസ് ഫയൽ എക്സ്പ്ലോററിൽ തന്നെ ആൻഡ്രോയിഡ് ഫോണിലെ ഫയലുകൾ കാണാനാവുന്ന പുതിയ ഫീച്ചറാണ് അവതരിപ്പിച്ചത്. നിലവിൽ വിൻഡോസ് ഇൻസൈഡർ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതുവഴി ആൻഡ്രോയിഡ് ഫോണിലെ ഫയലുകൾ വിൻഡോസ് കംപ്യൂട്ടർ ഉപയോഗിച്ച് വയർലെസ് ആയി കൈകാര്യം ചെയ്യാനാവും. ആൻഡ്രോയിഡ് ഫോണിലെ ഫയലുകൾ തുറക്കാനും കോപ്പി ചെയ്യാനും പേര് മാറ്റാനും മറ്റൊരിടത്തേക്ക് മൂവ് ചെയ്യാനും ഡിലീറ്റ് ചെയ്യാനുമെല്ലാം ഈ ഫീച്ചർ വഴി സാധിക്കും.
നേരത്തെ ഇങ്ങനെ ചെയ്യണമെങ്കിൽ ആൻഡ്രോയിഡ് ഫോണിനെ ഒരു ഡാറ്റാ കേബിൾ വഴി പിസിയുമായി ബന്ധിപ്പിക്കണമായിരുന്നു. ലിങ്ക് റ്റു വിൻഡോസ് ആപ്പിനേക്കാൾ ലളിതമാണ് പുതിയ സൗകര്യം എന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് 11 ലും അതിന് ശേഷം വന്ന ഒഎസ് പതിപ്പുകളിലും പ്രവർത്തിക്കുന്ന ഫോണുകളിൽ ഈ സൗകര്യം പ്രവർത്തിക്കും. എന്നാൽ വിൻഡോസ് ഇൻസൈഡർ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്ത വിൻഡോസ് 11 ഒഎസിൽ പ്രവർത്തിക്കുന്ന പിസി ആയിരിക്കണം. വിൻഡോസിന്റെ നിർമാണത്തിലിരിക്കുന്ന ഫീച്ചറുകളുടെ പരീക്ഷണത്തിനായുള്ള കൂട്ടായ്മയാണ് വിൻഡോസ് ഇൻസൈഡർ പ്രോഗ്രാം. ഇപ്പോഴും നിർമാണ ഘട്ടത്തിലിരിക്കുന്ന ഫീച്ചർ ആണിത്. അതിനാൽ പലവിധ പ്രശ്നങ്ങളും ഈ സംവിധാനത്തിൽ ഇപ്പോൾ അനുഭവപ്പെട്ടേക്കാം.